ഗായകന്‍, സംഗീത സംവിധായകന്‍ നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് എസ്.പി.ബാലസുബ്രമണ്യം. ആറ് ദേശീയ പുരസ്‌കാരങ്ങള്‍, ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങള്‍, കലൈമാമണി, കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍,ബോളിവുഡ്- ദക്ഷിണേന്ത്യന്‍ ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍....ബഹുമതികള്‍ നിരവധി. ഇന്ത്യന്‍ സിനിമയ്ക്കായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്  പദ്മശ്രീ, പദ്മഭൂഷന്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ഏത് പാട്ടാണ് ഏറ്റവുമധികം ഇഷ്ടമെന്ന് ചോദിച്ചാല്‍ ഏത് പറയുമെന്ന് സംശയിക്കാത്തവരുണ്ടാവില്ല. ആ ശബ്ദഗാംഭീര്യത്തിന് അത്രയേറെ അടിപ്പെട്ടുപോയവരാണ് സംഗീതപ്രേമികളിലധികവും. ഗായകന്‍, സംഗീത സംവിധായകന്‍ നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം തിളങ്ങിയ എസ്.പി.ബിക്ക് ലോകം വിടചൊല്ലുമ്പോള്‍ ബാക്കിയാവുന്നത് 16 ഇന്ത്യന്‍ ഭാഷകളിലായി അദ്ദേഹം പാടിയ 40,000 ത്തിലധികം പാട്ടുകളാണ്