മലയാളി സംവിധായിക അഞ്ജലി മേനോനും ജ്യോതികയ്ക്കുമൊപ്പമുള്ള സിനിമ ചര്‍ച്ചയിലുണ്ടെന്ന് സൂര്യ. എന്നാല്‍ അന്തിമതീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ സൂരറൈ പോട്രിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രീകരണ വേളയില്‍ സ്‌പൈസ് ജെറ്റ് ഒരുപാട് സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

സിനിമകളില്‍ മറ്റൊരാളായി മാറുന്നത് ആസ്വദിക്കുന്നു. 18 വയസുകാരനായുള്ള രൂപമാറ്റം വളരെ കുറഞ്ഞസമയത്തേക്കേ ഉള്ളൂ. എങ്കിലും നന്നായി അധ്വാനിച്ചു. കോവിഡിന്റെ സമയമാണ്. സ്‌കൂളില്ല, വിവാഹങ്ങള്‍ ആഘോഷപൂര്‍വം നടക്കുന്നില്ല. ഈ സമയത്തെ സ്വീകരിക്കുക എന്നതാണ് ചെയ്യാനുള്ളത്. പിന്നെ ഒരുപാട് സ്ഥലങ്ങളില്‍ നിന്നും ഒരേസമയം ഒരുപാടാളുകള്‍ക്ക് കാണാനാവും എന്നത് ഒ.ടി.ടി റിലീസിന്റെ നല്ല വശമാണ്.

അപര്‍ണയുടെ കഥാപാത്രത്തേക്കുറിച്ച് പറയുകയാണെങ്കില്‍ എനിക്കുള്ള അത്രയും തന്നെ പ്രാധാന്യം അവര്‍ക്കുമുണ്ട്. കഥാപാത്രത്തിനായി അപര്‍ണ വളരെയധികം കഷ്ടപ്പെട്ടു. പൂര്‍ണമായും ഒരു ജീവചരിത്ര സിനിമയല്ല ഇത്. പക്ഷേ ഒരു കൊമേഴ്‌സ്യല്‍ സിനിമയ്ക്കുള്ള എല്ലാ സാഹചര്യങ്ങളും എയര്‍ ഡെക്കാണ്‍ സ്ഥാപകനായ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. സംവിധായിക സുധ കയ്യടക്കത്തോടെയാണത് അവതരിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു