വയലാറിനെ വരയ്ക്കാനുള്ള ആവശ്യം ആഹ്ലാദത്തോടെ സ്വീകരിക്കുകയായിരുന്നു.അക്ഷരങ്ങൾകൊണ്ട് അനേകായിരം ചിത്രങ്ങൾ തീർത്ത വയലാറിന്റെ മുഖം കൗമാരകാലത്ത് മനസ്സിൽ തറച്ചിരുന്നു. വയലാർ പാട്ടുകളുമായി ചേർന്നുനിൽക്കുന്ന എത്രയെത്ര ഓർമകൾ...

വരയ്ക്കാനായി ഇറങ്ങിയപ്പോൾ വരികളിലൂടെ അദ്ദേഹം തീർത്ത മികവാർന്ന ചിത്രങ്ങൾ ഒന്നിനുപുറകെ ഒന്നായി തെളിഞ്ഞുവന്നു. പുരാണവും ചരിത്രവും സാഹിത്യവുമെല്ലാം സമ്മേളിക്കുന്ന രചനാശൈലിയായിരുന്നു വയലാറിന്റെത് പാട്ടിലൂടെ ഒഴുകിപ്പോകുമ്പോൾ ചിത്രങ്ങൾ പലതും നേരിൽ കാണുന്നതുപോലെയുള്ള അനുഭവം, അല്ലെങ്കിൽ നമ്മൾ എപ്പോഴൊക്കെയോ സ്വപ്നംപോലെ മറന്ന ചില ചിത്രങ്ങളായിരുന്നു അദ്ദേഹം വരികളിൽ കോർത്തുവെച്ചത്. 

പാട്ടിലൂടെ സങ്കല്പ സ്വർഗം തീർത്ത വയലാർ ഗാനങ്ങളോടെന്നും ഒരിഷ്ടക്കൂടുതലുണ്ടായിരുന്നു. 'ചക്രവർത്തിനി നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു...' എന്ന ഗാനം മുന്നോട്ടുപോകവെ 'സാലഭഞ്ജികകൾ കൈകളിൽ കുസുമ താലമേന്തി വരവേൽക്കും'-എന്ന പ്രയോഗം വിക്രമാദിത്യൻ കഥകളിലേക്കും ചിത്രങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു..

'ഉർവശിയെന്നൊരു മാളവിക ശില്പികൾ തീർത്ത കാളിദാസന്റെ കൽപ്രതിമയിൽ മാലയിട്ടു' എന്ന വരികൾ കേൾക്കുമ്പോൾത്തന്നെ കാൻവാസിലെന്നപോലെ കൺമുൻപിൽ ചിത്രം തെളിഞ്ഞിട്ടുണ്ട് ...ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ പാട്ടിൽനിന്ന് പറഞ്ഞുവിവരിക്കാം
വയലാർ ഗാനങ്ങളുടെ അകമ്പടിയിൽ ആയിരുന്നു ചിത്രം എഴുതിയത്.

'ചന്ദ്രകളഭം ചാർത്തി'.., 'സന്ന്യാസിനി നിൻ പുണ്യാശ്രമത്തിൽ..' എന്നീ പാട്ടുകളെല്ലാം വരയ്ക്കുന്നതിനിടെ എത്ര തവണ കേട്ടുവെന്ന് പറയാനാകില്ല.
 വയലാറിന്റെ എഴുത്തും ദേവരാജൻ മാസ്റ്ററുടെ സംഗീതവും യേശുദാസിന്റെ ശബ്ദവും എന്റെ വരകളെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്.ചിത്രമെഴുത്ത് അവസരങ്ങളിൽ മനസ്സ് പിണങ്ങി മാറി നിൽക്കുമ്പോൾ ഇവരുടെ കൂട്ടുകെട്ടിലൂടെ ലഭിച്ച മനോഹരഗാനങ്ങളാണ് വരയിലേക്ക് തിരിച്ചുവരാൻ സഹായിച്ചത്.

കവിതാരചനയിലും ശില്പ നിർമാണത്തിലും ചിത്രമെഴുത്തിലുമെല്ലാം മനസ്സാണ് മുന്നോട്ടുനയിക്കുന്നത്. മനസ്സ് ഏറ്റവും പാകപ്പെട്ടിരിക്കുമ്പോൾ രചന നടത്തുക എന്നതാണ് രീതി. കാലങ്ങളെ അതിജീവിച്ച ഗാനങ്ങളാണ് ഈ അവസരത്തിൽ എല്ലാം കൂട്ടുവന്നത്.

അക്രിലിക് പെയിൻറിങ്‌ ഉപയോഗിച്ച് കാൻവാസ് ഫീൽ വരുന്ന ലതർ കോട്ട് ഡ്രോയിങ്‌ ഷീറ്റിലാണ് സ്റ്റാർ ആൻഡ്‌ സ്റ്റയിലിനായുള്ള വയലാറിന്റെ ചിത്രം ഒരുക്കിയത്. പെൻസിൽ കൊണ്ട് സ്കെച്ച്ചെയ്ത്‌ മനസ്സിൽ കണ്ട മുഖത്തിലേക്ക് ഓരോ പോയിൻറും എത്തിക്കുകയായിരുന്നു.
കണ്ണ്, മനസ്സ്, ബ്രഷ് എന്നിവയെല്ലാം ഒരേരീതിയിൽ സഞ്ചരിച്ചു എന്നത്‌ തന്നെയാണ് ചിത്രങ്ങളുടെ വിജയം.
മുൻകൂട്ടി ഒരു സമയം നിശ്ചയിച്ച് അതിനുള്ളിൽ വരച്ചു തീർത്ത ചിത്രമായിരുന്നില്ല വയലാറിന്റെ മുഖചിത്രം. മനസ്സ് പാകപ്പെട്ടിരുന്ന മൂന്ന്‌ ദിവസങ്ങളിൽ പലപ്പോഴായി ചിത്രം പൂർത്തിയാക്കുകയായിരുന്നു.