പൂക്കള്‍ തേടി പാടവരമ്പത്തും പുഴയോരത്തും കാട്ടിലും മേട്ടിലുമൊക്കെഅലയുന്ന കുട്ടിക്കൂട്ടം. ഓണത്തുമ്പിയുംചിങ്ങനിലാവും ഓണസദ്യയും ഓണക്കോടിയുമൊക്കെ മനസ്സില്‍ പൂക്കളം തീര്‍ക്കുന്ന മധുര മനോജ്ഞകാലം. പ്രണയശലഭങ്ങള്‍ പാറുന്നവിസ്മയാനന്ദകാലം

ഇല്ലായ്മകളും സൗഭാഗ്യങ്ങളും കണ്ണീരും കളിചിരികളും ഒരുമിച്ച് പങ്കുവെക്കുന്ന മഹനീയമായ ആ നല്ല നാളുകളുടെ ഗൃഹാതുരമായ ഓര്‍മകള്‍ ഇപ്പോഴും മലയാളിയുടെ മനസ്സിന് എത്രമാത്രം പ്രിയങ്കരമാണെന്ന് വെളിവാക്കുന്നു  ജയദാസ് സംവിധാനം ചെയ്ത 'ഓണവളകള്‍' എന്ന ഗാനം. വളരെ അടുത്ത് കഴിഞ്ഞുപോയ, എന്നാല്‍ വളരെ അകലത്തുള്ള ആ മനോഹര ദിവസങ്ങളെ തോറ്റിയുണര്‍ത്തുന്നു ഈ മനോഹരഗാനം.

കൂട്ടുവേലി ബാലചന്ദ്രന്‍ എഴുതി സംഗീതം ചെയ്ത വരികളും സുമേഷ് ശാസ്തയുടെ ഛായാഗ്രഹണവും ഗാനത്തിന് മിഴിവേറ്റുന്നു. സുരേഷാണ് എഡിറ്റര്‍, ജി.മിനിമോള്‍ ഗായികയും. ജീത്തു ദില്‍ജിത്ത് അസോസിയേറ്റ് ഡയറക്ടറാണ്. സുമീത് വിജയരാഘവന്‍, ഷൈലജ ഉണ്ണിമാധവന്‍, രാഹുല്‍ ദാസ്, അമേയ, കെ.സി.ബാലചന്ദ്രന്‍, എം.സി സന്തോഷ് തുടങ്ങിയവര്‍ ഇതില്‍ അഭിനയിച്ചിരിക്കുന്നു.  റീല്‍ റിക്രൂട്ട് ക്രിയേറ്റീവ് പ്രൊഡക്ഷനാണ് നിര്‍മാണം.