"മഞ്ഞ മഞ്ഞ ബള്‍ബുകള്‍, മിന്നി മിന്നി കത്തുമ്പോള്‍.." എന്ന താശപ്പാട്ട് നമ്മള്‍ പലിയിടങ്ങളിലും പല തരത്തിലും കേട്ടിട്ടുണ്ട്. ഒടുവിലൊരു സിനിമാഗാനമായി വരെ അതുവന്നു. ഇപ്പോഴിതാ ഈ വരികള്‍ക്കൊപ്പം പുതിയ വരികളും കഥയും കഥാസന്ദര്‍ഭവും അതിനൊരു ദൃശ്യഭാഷയുമായി എത്തിയിരിക്കുകയാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബി.കെ. ഹരിനാരായണന്‍. 

ഹരിനാരായണന്റെ അമ്മവീടിനടുത്തുള്ള കാവിലെ വേലകാണാന്‍ പോകുമ്പോള്‍ ബസില്‍ വെച്ച് കണ്ട കാഴ്ചയും കാഴ്ചയിലെ കഥാപാത്രം പറഞ്ഞ കഥയുമാണ് ഫേസ്ബുക്കില്‍ കുറിച്ചത്. കാഴ്ചയിലെ കഥാപാത്രം പറഞ്ഞ കഥയ്ക്കനുസരിച്ച് വരികളും ചേര്‍ത്തു. സംഗീത സംവിധായകനായ രാം സുരേന്ദ്രന്‍ ഈണം നല്‍കി അത് ഹരിനാരായണനെ പാടിക്കേള്‍പ്പിച്ചു.

സിനിമാരംഗത്തെ മറ്റൊരു സുഹൃത്തും പോസ്റ്റര്‍ ഡിസൈനറുമായ ജയറാം രാമചന്ദ്രന്‍ പോസ്റ്റര്‍ തയ്യാറാക്കി. ഷിജോ തളിയച്ചിറ ദൃശ്യഭാഷ ഒരുക്കി. സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയാണ് ഹരിനാരായണന്റെ പുതിയ 'മഞ്ഞ ബള്‍ബ്' പാട്ട്. 

"മഞ്ഞ മഞ്ഞ ബള്‍ബുകള്‍
മിന്നി മിന്നി കത്തുമ്പോള്‍
തിരുമറുതക്കാവിലെ ഇടവമകം വേലയ്ക്ക് 
ഓള് വിളിച്ചേക്കണ്, ഓനത് കേട്ടൊരുങ്ങണ്.."

മുമ്പെങ്ങോ ഒരു യാത്രയില്‍ കണ്ട കാഴ്ച, കാഴ്ചയിലെ കഥാപാത്രം പറഞ്ഞ കഥ, വീണ്ടും സ്വപ്നത്തിലൂടെ ഓര്‍ത്തെടുത്തപ്പോള്‍ ലോക്ഡൗണ്‍ കാലമല്ലേ, സാധാരണപോലെ അത് ഫേസ്ബുക്കില്‍ കുറിച്ചു. ഗാനരചയിതാവല്ലേ, അതിനൊത്ത വരികളും കോറിയിട്ടു. ആരൊക്കെയോ അതു കണ്ട് കമന്റുകളും ഇട്ടു. അവരിലൊരാള്‍ (ഒരു സുഹൃത്ത്) ഈണം ഇട്ട്, അത് പാടിക്കേള്‍പ്പിച്ചു. ഇന്നത് ഫേസ്ബുക്കിലൂടെ ഒരു പാട്ടായി പിറവിയെടുത്തു - ഹരിനാരായണന്‍ പറയുന്നു.