പ്രിയസുഹൃത്ത് കെ ആർ വിശ്വംഭരന്റെ വേർപാടിൽ വിതുമ്പിക്കരഞ്ഞ മമ്മൂട്ടിയെക്കുറിച്ച് നിർമ്മാതാവ് ആന്റോ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു. കെ.ആർ. വിശ്വംഭരനെ അവസാനമായി കണ്ട് വീട്ടിൽ തിരിച്ചെത്തിയ മമ്മൂട്ടിയുടെ തീരാത്ത സങ്കടത്തെക്കുറിച്ചുള്ള വിവരണങ്ങളാണ് കുറിപ്പിലുള്ളത്.

“വിശ്വംഭരൻ സാറിനെ അവസാനമായി കണ്ട ശേഷം വീട്ടിലെത്തിയ മമ്മുക്ക കുറെ നേരം ഒറ്റയ്ക്കു മാറി നിശ്ശബ്ദനായിരുന്നു. ആ കണ്ണുകൾ പതുക്കെ നിറഞ്ഞു, ശബ്ദം ഇടറി. കെ.ആർ. വിശ്വംഭരൻ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മുക്കയുടെ സൗഹൃദം. ഒരു കാലം ഒരുമിച്ച് തോളിൽ കൈയിട്ടു നടന്ന, ഒരുമിച്ച് വെയിലും മഴയും കൊണ്ട് ഒരുമിച്ച് ചിരിച്ച, കരഞ്ഞ വിശ്വംഭരൻ എന്ന സുഹൃത്തിനോടായിരുന്നു”. സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും നേരിട്ടറിഞ്ഞെന്നാണ് ആന്റോ ജോസഫ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്.