അരങ്ങൊഴിഞ്ഞ അതുല്യകലാകാരന് ആദരാഞ്ജലികൾ അർപ്പിക്കാൻ  മമ്മൂട്ടിയും മോഹൻലാലുമെത്തി. വ്യക്തിപരമായ നഷ്ടമെന്ന് മമ്മൂട്ടി അനുസ്മരിച്ചു. രണ്ടാഴ്ച മുമ്പുവരെ തനിക്കൊപ്പം അഭിനയിച്ച നെടുമുടി വേണുവിന്റെ വിയോ​ഗം മമ്മൂട്ടിക്ക് വിശ്വസിക്കാനായിട്ടില്ല. പുഴു, ഭീഷ്മപർവം എന്നീ ചിത്രങ്ങളിലഭിനയിക്കുമ്പോൾ വളരെ ഉല്ലാസവാനായിരുന്നു അദ്ദേഹമെന്ന് മമ്മൂട്ടി പറഞ്ഞു. അവിടെ നിന്ന് പിരിഞ്ഞശേഷം ഇപ്പോഴുണ്ടായതെന്ന് വലിയ ആഘാതമാണെന്നും മമ്മൂട്ടി പറഞ്ഞു.

വിദേശത്തായിരുന്ന മോഹൻലാൽ പുലർച്ചെ ഒരുമണിയോടെയാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. ചേട്ടനും അനിയനും തുടങ്ങി അച്ഛനും മകനുമായി വരെ ഒരുമിച്ചഭിനയിച്ച അനുഭവം മോഹൻലാൽ ഓർത്തെടുത്തു. സഹോദരൻ എന്നുപറയുന്നതിനേക്കാൾ എത്രയോ മുകളിലായിരുന്നു നെടുമുടിയുമായുള്ള ബന്ധം. നഷ്ടം എന്ന വാക്കുപയോ​ഗിച്ചല്ല ഈ വേർപാടിനെ വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.