ജീവിത പ്രാരാബ്ധങ്ങൾ മൂലം തോട്ടപ്പണിക്കിറങ്ങേണ്ടി വന്നിരിക്കുകയാണ് ​ഗാനരചയിതാവ് പ്രേംദാസിന്. തൃശ്ശൂർ ഒരുമനയൂർ സ്വദേശിയാണ് പ്രേംദാസ്. മുണ്ടൂർ മജ്ലിസ് ആയുർവേദ ഹോമിൽ ജോലി ചെയ്യുന്ന പ്രേംദാസിനെ മുൻമന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോണാണ് തിരിച്ചറിഞ്ഞത്.

ഷിബു ബേബിജോൺ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രേംദാസിന്റെ ജീവിതം വെളിച്ചത്തുവന്നത്. 2017-ൽ യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത വിശ്വാസപൂർവം മൻസൂർ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം എന്ന ​ഗാനത്തിന്റെ രചയിതാവാണ് ഇദ്ദേഹം. ഈ ചിത്രത്തിന് ശേഷം പക്ഷേ പ്രേംദാസിനെ തേടി അവസരങ്ങളൊന്നും വന്നില്ല. നൂറുകണക്കിന് ഭക്തി​ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പക്ഷേ കോവിഡ് പ്രതിസന്ധിയും ജീവിത പ്രാരാബ്ധങ്ങളും ഈ കലാകാരനെ ഇവിടെയെത്തിച്ചു.