ലോക്ക് ഡൗണ്‍ സമയത്ത് അഭിനേതാക്കള്‍ ആരും തന്നെ നേരില്‍ കാണാതെയും ഒരു സീനിലോ ഒരു ഫ്രയിമിലോ ഒന്നിലധികം അഭിനേതാക്കള്‍ വരാതെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിരവധി അഭിനേതാക്കളെ ഉള്‍പെടുത്തി തയ്യാറാക്കിയ വെബ് സിനിമ ' ഈ കാലത്ത്' ശ്രദ്ധനേടുന്നു 

'ഒരു അഭിനേതാവും നേരില്‍ കാണാതെ സിനിമ ഷൂട്ട് ചെയ്യുക എന്നത് ഒരു വലിയ വെല്ലുവിളി ആയിരുന്നു. പക്ഷെ  കോവിഡ് കാലത്ത് ഇങ്ങനെ ഒരു കൊച്ചു സിനിമ ഇറക്കിയാല്‍ എങ്ങനെ ഇരിക്കും എന്നാണ് ഞങ്ങള്‍ ആലോചിച്ചത്.. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിന്റെ ഭാഗമായാണ് ഒരു സീനിലോ ഒരു ഫ്രായിമിലോ ഒന്നില്‍ കൂടുതല്‍ ആളുകള്‍ വേണ്ട എന്ന് തീരുമാനിച്ചത്. പക്ഷെ കഥയില്‍ ഒരുസീനില്‍ ഒന്നിലും കൂടുതല്‍ ആളുകള്‍ വരുന്നുണ്ട് താനും. ചില ഷോട്ടുകള്‍ വീടുകളില്‍ നിന്ന് അഭിനേതാക്കള്‍ മൊബൈല്‍ ക്യാമറ വഴി സ്വയം ഷൂട്ട് ചെയ്തും അയച്ചിരുന്നു. സിനിമ പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു പരീക്ഷണം മലയാളത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും എന്ന് മനസ്സിലായത്.'- ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച അമല്‍.സി.ബേബി പറയുന്നു. 

ഒരു മുഴുനീള സിനിമ ആയിട്ടാണ് 'ഈ കാലത്ത്' ആദ്യം ആലോചിച്ചതെങ്കിലും ലോക്ക് ഡൗണ്‍ കാലത്ത് ലൊക്കേഷന്‍ ചേഞ്ചുകള്‍ക്ക് പരിമിതികള്‍ ഉള്ളതിനാല്‍ 40 മിനിറ്റ് വരുന്ന വെബ് സിനിമയാക്കി ഇറക്കുകയായിരുന്നു. 

അഞ്ചാം പാതിരാ അടക്കമുള്ള സിനിമകളുടെ സഹസംവിധായകനാണ് അമല്‍ബേബി.  ബാലാജി ശര്‍മ, ആകാശ് ആര്യന്‍, സുധീര്‍ സുഫി റൂമി, വിപിന്‍ കുമാര്‍ കെ.എസ്, ഉണ്ണിമായ ടി എസ്, പാര്‍വ്വതി, അനീഷ് നിയോ, അജി കോളോനിയ, അവിനാഷ് ടി എസ്, എന്നിവരാണ് അഭിനേതാക്കള്‍. അനീഷ് നിയോ ക്യാമറയും  അഭിലാഷ് മാനന്തവാടി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു