നമ്പിനാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി-ദി നമ്പി ഇഫക്റ്റിന്റെ ടീസര്‍ റിലീസ് ചെയ്തു. മാധവന്‍, ആനന്ദ് മഹാദേവന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം സവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമ്പിനാരായണന്റെ വേഷത്തില്‍ എത്തുന്നതും മാധവന്‍ തന്നെയാണ്. 

ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ അടിസ്ഥാനമാക്കി നമ്പി നാരായണന്‍ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്‍.ഒ സ്പൈ കേസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്.

"20 വര്‍ഷത്തിന് മുന്‍പ് ഈ വിജയം നമുക്കു സാധിക്കുമെന്ന് ഞാന്‍ പറഞ്ഞു. എന്റെ പേര് നമ്പി നാരായണന്‍. ഞാന്‍ റോക്കട്രിയില്‍ 35 വര്‍ഷവും ജയിലില്‍ 50 ദിവസവും ജീവിച്ചു. ആ 50 ദിവസത്തില്‍ രാജ്യത്തിനുണ്ടായ നഷ്ടത്തെക്കുറിച്ചാണ് ഈ കഥ. എന്നെക്കുറിച്ചല്ല"... ടീസറില്‍ പറയുന്നു. ചിലപ്പോള്‍ ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് ചെയ്യുന്ന തെറ്റാണെന്നാണ്  ടീസറിന്റെ ക്യാപ്‌ഷൻ.

ടീസർ കാണാം 

കഴിഞ്ഞദിവസം ചിത്രത്തെക്കുറിച്ചു സംസാരിക്കുന്ന ഒരു വീഡിയോ മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. "ഈ ലോകത്ത് എത്രയോ വ്യക്തികളുടെ കഥകളുണ്ട്. അതില്‍ ചിലതെല്ലാം നിങ്ങള്‍ കേട്ടിരിക്കാം. ചിലത് നിങ്ങളുടെ കാതുകളിലേക്കെത്തില്ല. എന്നാല്‍ ചില കഥകള്‍ കേള്‍ക്കാതെ ഇരിക്കുകയെന്നാല്‍ നിങ്ങളുടെ രാജ്യത്തേക്കുറിച്ച് വളരെ കുറച്ചേ നിങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നാണ് അര്‍ഥം. നമ്പി നാരായണന്റെ കഥ അത്തരത്തില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ കഥ നിങ്ങള്‍ കേട്ടാല്‍, ആ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞാല്‍, നിശബ്ദനാവാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് ഞാന്‍ പറയുന്നു. റോക്കട്രി: ദി നമ്പി ഇഫക്ട്. ഇതേക്കുറിച്ച് അറിയാത്തവര്‍ അറിയട്ടെ. അറിയുമെന്ന് കരുതുന്നവര്‍ക്ക് ഇതൊരു തിരിച്ചറിവായിരിക്കും"-വീഡിയോയില്‍ പറയുന്നു

ചാരക്കേസില്‍ പ്രതിയായി മുദ്രക്കുത്തപ്പെട്ട നമ്പി നാരായണന് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് നീതി ലഭിച്ചത്. ലോകം ഇപ്പോഴും മുഴുവനായി അറിയാതെ പോയ നമ്പി നാരായണന്റെ  ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രം കൂടിയാവും റോക്കട്രി- ദ നമ്പി ഇഫക്റ്റ്. 

madhavan rocketry the nambi effect teaser nambi narayan life story ISRO R madhavan as nambi narayan