നടി മംമ്താ മോഹന്‍ദാസിന്റെ നിര്‍മാണ സംരംഭത്തില്‍ പുറത്തിറങ്ങിയ 'ലോകമേ' ശ്രദ്ധ നേടുന്നു. മാതൃഭൂമി ക്ലബ്ബ് എഫ്.എം. റേഡിയോ ജോക്കിയായ ഏകലവ്യന്‍ സുഭാഷ് പാടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കിയ 'ലോകമേ' എന്ന റാപ്പ് സോങാണ് മ്യൂസിക് സിംഗിള്‍ രൂപത്തില്‍ പുറത്തുവന്നിരിക്കുന്നത്. 

മലയാള സിനിമയില്‍ 15 പൂര്‍ത്തിയാക്കുന്ന വേളയിലാണ് പുതിയ റോളിലേക്കുള്ള താരത്തിന്റെ ചുവടുമാറ്റം. മംമ്തയും നോയല്‍ ബെന്നും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ മ്യൂസിക് സിംഗിളില്‍ പ്രഗത്ഭരായ ഒട്ടേറെ സാങ്കേതിക വിദഗ്ധരും അണി നിരന്നിട്ടുണ്ട്. 

മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിള്‍ എന്ന പ്രത്യേകതയോടെയാണ് 'ലോകമേ' പുറത്തിറങ്ങിയിരിക്കുന്നത്. വിനീത് കുമാര്‍ മെട്ടയില്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ കോണ്‍സെപ്റ്റും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത് ബാനി ചന്ദ് ബാബുവാണ്.