പാരീസിലെ പ്രസിദ്ധമായ ലാ സാന്റെ ജയിലിൽ 1947-ൽ ഒരു ജയിൽചാട്ട ശ്രമം നടന്നു. ഏതാനും കുറ്റവാളികൾ ചേർന്ന് തടവറയുടെ തറ തുരന്ന് തുരങ്കം നിര്‍മ്മിച്ച് പുറംലോകത്തെത്താൻ ശ്രമിച്ചതായിരുന്നു ആ സംഭവം. ജയിലിൽ നിത്യം ഉപയോ​ഗിക്കുന്ന വസ്തുക്കളുപയോ​ഗിച്ചായിരുന്നു തുരക്കൽ. വിജയത്തോടടുത്തുവെങ്കിലും ആ ശ്രമം പരാജയത്തിലാണ് കലാശിച്ചത്. 

ഈ സംഭവത്തെ അടിസ്ഥാനമാക്കി 1960-ൽ ജാക്ക് ബേക്കറുടെ സംവിധാനത്തിൽ ഒരു ചിത്രം പുറത്തിറങ്ങി. 'ലേ ത്രൂ' എന്ന ആ ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത് അന്നത്തെ ആ ജയിൽചാട്ടം ആസൂത്രണം ചെയ്ത ജീൻ കെറൗഡിയായിരുന്നു. 1957-ൽ ജോസ് ജിയോവാനി എഴുതിയ ദ ബ്രേക്ക് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു തിരക്കഥ.