പുലര്‍ച്ചെ അഞ്ചരയാകുമ്പോഴേക്കും തുറക്കുന്ന ആ കട ഏഴുമണിയായിട്ടും അടഞ്ഞുതന്നെ കിടന്നു. സംഭവം പന്തിയല്ലെന്ന് തോന്നിയവര്‍ വീട്ടില്‍ച്ചെന്നു നോക്കിയപ്പോള്‍ വാതില്‍ അകത്ത് നിന്നും പൂട്ടാതെ തുറന്നുകിടക്കുന്നു. വാതില്‍ തുറന്ന് അകത്തുകയറിയപ്പോള്‍ കണ്ടത് തൂങ്ങിക്കിടക്കുന്ന 10 പേരുടെ മൃതദേഹങ്ങള്‍. നിലത്ത് മറ്റൊരാള്‍. എല്ലാവരുടേയും കൈകള്‍ കെട്ടിയിരുന്നു. ബുരാരി സംഭവമെന്ന പേരില്‍ ആ സംഭവം ഇന്ത്യയെ തന്നെ പിടിച്ചുലച്ചു.

ബുരാരിയില്‍ നടന്ന ഈ മരണങ്ങളെ ആസ്പദമാക്കി നെറ്റ്ഫ്ളിക്സില്‍ പുറത്തിറങ്ങിയ ഡോക്യു മിനി സീരീസാണ്  ഹൗസ് ഓഫ് സീക്രട്ട്സ്: ദ ബുരാരി ഡെത്ത്സ്. ലീനാ യാദവും അനുഭവ് ചോപ്രയുമാണ് സംവിധായകര്‍. 2018- ജൂലൈയിലായിരുന്നു ഡല്‍ഹി പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണതകള്‍ നിറഞ്ഞ ബുരാരി സംഭവം നടന്നത്.