പാട്ടുകാരിയല്ലാതിരുന്നെങ്കിൽ അധ്യാപികയായേനെ എന്ന് കെ.എസ്. ചിത്ര. സം​ഗീതം ഐച്ഛിക വിഷയമായി പഠിച്ചതുതന്നെ ആ ഒരു ഉദ്ദേശം വച്ചുതന്നെയായിരുന്നെന്നും ചിത്ര പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ചിത്രപൗർണമിയിൽ സംസാരിക്കുകയായിരുന്നു അവർ. 

തെലുങ്കിൽ സൗന്ദര്യയുടെ ശബ്ദം തന്റേതുമായി ഏറെ യോജിച്ചുപോവുന്നുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പാടിയതിൽ ചില പാട്ടുകൾ സിനിമയിൽ കണ്ടപ്പോൾ അത്ര തൃപ്തി വന്നിട്ടില്ല. തമിഴിൽ പാടറിയേൻ പടിപ്പറിയേൻ, തുളസീമാലയിതാ വനമാലി, ബ്രൂഹി കൃഷ്ണാ ഘനശ്യാമ തുടങ്ങിയവ അത്തരത്തിലുള്ള പാട്ടുകളാണ്.  എന്നാൽ സിനിമയിൽ ഒരു ​ഗാനം എങ്ങനെ വരുന്നുവെന്ന് വിശദീകരിച്ച് തന്നിട്ടുള്ളത് മലയാളത്തിൽ ഭദ്രൻ സാറാണ്. സ്ഫടികത്തിലെ പാട്ടുകൾ അങ്ങനെയാണ് പാടിയത്. ചിത്ര പറഞ്ഞു.

ചില സമയത്ത് നമ്മൾ കുട്ടികളായി മാറും. വല്ലാതെ കൊതി വരുമ്പോൾ പണ്ട് ഐസ്ക്രീം മൈക്രോവേവ് അവനിൽ വെച്ച് തണുപ്പ് ഒന്ന് മാറ്റിയശേഷം കഴിക്കുമായിരുന്നു. ഇപ്പോഴും മധുരത്തോട് വല്ലാത്തൊരു ആസക്തിയുണ്ട്. പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന് വരുമ്പോൾ കഴിക്കും. ഡോനട്ട് ഭയങ്കര ഇഷ്ടമാണ്. അതും സാധാരണയല്ല, ക്രിസ്പി ക്രീം തന്നെ വേണം. തടി കുറയ്ക്കാനൊക്കെയായി ഭക്ഷണത്തിൽ ക്രമീകരണമുണ്ടെന്നും അവർ പറഞ്ഞു.