51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.  ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം. ജോമോന്‍ ജേക്കബ്, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍, ഡിജോ അഗസ്റ്റിന്‍ എന്നിവരാണ് നിര്‍മാതാക്കള്‍. നിര്‍മാതാവിനും സംവിധായകനും രണ്ടുലക്ഷം രൂപ വീതവും ശില്‍പ്പവും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. ആണ്‍കോയ്മയുടെ നിര്‍ദയമായ അധികാരപ്രയോഗങ്ങളെ ഒരു പെണ്‍കുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷമമായി അടയാളപ്പെടുത്തിയ ചിത്രമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

സെന്ന ഹെഡ്‌നേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയമാണ് മികച്ച രണ്ടാമത്തെ ചിത്രം. പുഷ്‌കര മല്ലികാര്‍ജുനയ്യയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടി. കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്‍ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപ വീതവും ശില്‍പ്പവും പ്രശസ്തിപത്രവും ലഭിക്കും.

മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്‌നം, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.