രണ്ടായിരം വർഷം പഴക്കമുള്ള സംഘം കവിതയ്ക്ക് ദൃശ്യഭാഷ്യം ചമച്ചുകൊണ്ട് പുറത്തിറങ്ങിയ തമിഴ് ഷോട്ട് ഫിലിം 'പുറം' ശ്രദ്ധേയമാകുന്നു. സംഘം കവയിത്രി ഒക്കുർ മാസാത്തിയാർ രചിച്ച 'പുറനാനൂറ് 279' എന്ന കവിതയെ അടിസ്ഥാനമാക്കി കാർത്തികേയൻ മണി സംവിധാനം ചെയ്ത ഷോട്ട് ഫിലിം ചെന്നൈയിൽ നടന്ന ചടങ്ങിൽ ഡി.എം.കെ. നേതാവ് കനിമൊഴിയാണ് പുറത്തിറക്കിയത്. 

യുദ്ധത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടിട്ടും തന്റെ ഏകമകൻ അതിയനൊപ്പം സധൈര്യം ജീവിക്കുന്ന, അവനെ ഒടുവിൽ പോർക്കളത്തിലേക്ക് പറഞ്ഞുവിടുന്ന തലൈവിയാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം. ആനന്ദ് ജി.കെയുടെ ഛായാഗ്രഹണവും കെ.സി. ബാലസാരങ്കന്റെ സംഗീതവും ചിത്രത്തിന്റെ കാഴ്ചാനുഭവം ഒരു സിനിമയുടേതിനു സമാനമാക്കുന്നു. 

24 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലെ പ്രധാനകഥാപാത്രമായ തലൈവിയായെത്തുന്നത് മലയാളിയായ ഭാനുപ്രിയയാണ്. പ്രവീൺ കുമാർ, ലേഗൻ, നരേഷ് മാദേശ്വർ എന്നിവരാണ് മറ്റു താരങ്ങൾ. എഡിറ്റിങ് ജി.ബി. വെങ്കടേഷ്.