ക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയുമായി തമിഴ്‌നാടിന്റെ രാഷ്ട്രീയഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍. ഇന്ത്യയിലെയും തമിഴ്‌നാട്ടിലെയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ കടുത്ത വിമര്‍ശകനായ കമല്‍ഹാസന്‍ ലോകസഭാ ഇലക്ഷന് മുന്നോടിയായി പുറത്തിറക്കിയ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. 

ദൃശ്യങ്ങള്‍ ഇങ്ങനെ, 

ടെലിവിഷനില്‍ വാര്‍ത്ത കണ്ടുകൊണ്ടിരിക്കുന്ന കമല്‍ഹാസന്‍ താല്‍പര്യമില്ലാതെ ചാനല്‍ മാറ്റി കൊണ്ടിരിക്കുന്നു. ഡി.എം.കെയുടെ എം.കെ സ്റ്റാലിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗങ്ങളാണ് പശ്ചാത്തലത്തില്‍. നേതാക്കന്‍മാരുടെ പ്രസംഗം കേട്ട് അസ്വസ്ഥനാകുന്ന കമല്‍ ഒടുവില്‍ ദേഷ്യത്തോടെ കയ്യിലിരിക്കുന്ന റിമോട്ട് എറിഞ്ഞ് ടി.വി തകര്‍ക്കുന്നു. 

ഇനി ജനങ്ങളോടാണ് കമലിന്റെ ചോദ്യങ്ങള്‍.....

തിരുമാനിച്ചു കഴിഞ്ഞോ?  നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത്? കുടുംബവാഴ്ചയുടെ പേരില്‍ നാടിനെ കുളം തോണ്ടിയവര്‍ക്കോ? നമ്മളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒത്തൊരുമിച്ച്  പോരാടുമ്പോള്‍ നമ്മളെ അടിച്ചു തകര്‍ത്തവര്‍ക്കോ? കാര്‍ഷിക മേഖലയെ താറുമാറാക്കി ജനങ്ങളെ വഴിയാധാരമാക്കിയവര്‍ക്കോ? കോര്‍പ്പറേറ്റുകളുടെ കൈക്കൂലിക്കായി  നമ്മുടെ ജനങ്ങളെ വെടിവെച്ചു കൊന്നവര്‍ക്കോ? അല്ലെങ്കില്‍ മാതാപിതാക്കള്‍ പറയുന്നവര്‍ക്കാണോ നിങ്ങള്‍ വോട്ട് ചെയ്യുന്നത്? അങ്ങനെ നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. 

മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കണം. എന്നാല്‍ എത്തരത്തിലുള്ള മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞു തരാം. നീറ്റിന്റെ പേരില്‍ എല്ലാ ഭരണകൂടങ്ങളും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കൊന്നില്ലേ. ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാം. അവര്‍ പറഞ്ഞു തരും നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യരുതെന്ന്‌. നിങ്ങളില്‍ ഒരുത്തനായി നിന്ന് ചോദിക്കുന്നു ഈ ഏപ്രില്‍ 18 ന് നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന്. നിങ്ങളുടെ വോട്ട് ബോധപൂര്‍വ്വം വിനിയോഗിക്കണം. നിങ്ങളുടെ വിജയത്തിന് ഞാനും കൂടെയുണ്ടാകും- കമല്‍ പറയുന്നു. 

ലോകസഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ കന്നിയങ്കത്തിന് ഒരുങ്ങുകയാണ്. എന്നാല്‍ കമല്‍ ഹാസന്‍ ഇത്തവണ മത്സരിക്കാനില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Content Highlights: Kamal Haasan breaks television to release angry video makkal neethi maiyam lok sabha election