ലോക്ഡൗൺ നാളുകളിൽ പലരും പുതിയ പുതിയ സംരംഭങ്ങൾ തുടങ്ങി. നവീനമായ ആശയങ്ങൾ കൊണ്ടുവന്ന് വിജയിപ്പിച്ച് കാണിച്ചു. കൊല്ലം പത്തനാപുരത്തെ ജനങ്ങളും തങ്ങളുടേതായ ഒരു സംഭാവന ചെയ്തു. കല്യാണി ട്യൂഷൻ സെന്ററെന്ന വെബ്സീരീസാണ് ഒരുനാട് ഒന്നിച്ചുചേർന്ന് രൂപപ്പെടുത്തിയെടുത്തത്. വെബ്സീരീസിന്റെ വരവറിയിച്ച് പുറത്തിറക്കിയ ​ഗാനം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്.

രഞ്ജിത് ജയരാമനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീജിത് അച്ചുതൻ നായരുടെ വരികൾക്ക് അതുൽ ആനന്ദ് ഈണമിട്ടിരിക്കുന്നു. ശബരി വിശ്വമാണ് ഫിനിമാറ്റിക് ഫിലിംസ് നിർമിക്കുന്ന സീരീസിന്റെ രചനയും സംവിധാനവും. തിരക്കഥയും ക്രിയേറ്റീവ് ഡയറക്ഷനും ജിബിൻ ജോയ്. ക്യാമറ: നിതിൻ കെ. രാജ്, എഡിറ്റിംഗ്: അനന്തു ചക്രവർത്തി,  പ്രൊജക്റ്റ് ഡിസൈൻ: പപ്പേട്ടൻസ് കഫേ, അസ്സോസിയേറ്റ് ഡയറക്ടർ: വലലൻ, ഡിസൈൻ: നന്ദു ആർ. കൃഷ്ണ, മ്യൂസിക് പ്രോഗ്രാമർ: റെക്സ് ജോർജ്.