മലപ്പുറത്തെ വിവാഹ വേദികളില്‍ തരംഗമായി മാറുകയാണ് പഴയ കൈമുട്ടിപ്പാട്ട്. സംഘമായി ഇരുന്ന് കൈമുട്ടി പാട്ടു പാടുന്നതാണ് രീതി. കൊറോണ കാലത്തെ വിവാഹ വേദികളിലൂടെയാണ് ഈ ആഘോഷം തിരിച്ചു വരുന്നത്.
കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലെ കല്ല്യാണ വീടുകളിലും മറ്റ് ആഘോഷ സന്ദർഭങ്ങളിലുമുള്ള കലാരൂപമാണ് കൈമുട്ടിപ്പാട്ട്. ഇതാണ് മലപ്പുറത്തേക്കും പരന്നൊഴുകുന്നത്. കാരണമായതാകട്ടെ കോവിഡും. കോവിഡ് കാലത്ത് ആളുകളുടെ എണ്ണം വളരെ കുറച്ചാണ് വിവാഹം നടക്കുന്നത്. എന്നാൽ വരനേയും വധുവിനേയും സന്തോഷിപ്പിക്കുകയും വർണിക്കുകയും വേണം. അങ്ങനെ പത്തോ അതിൽ താഴെയോ ആളുകൾ അവതരിപ്പിക്കുന്ന ഈ കലാരൂപം പൊന്നാനി മേഖലയിലേക്ക് ആദ്യമെത്തി.
പഴയ മാപ്പിളപ്പാട്ട് ഗാനങ്ങൾ ഒരു പ്രത്യേകരീതിയിൽ അവതരിപ്പിക്കുന്നതാണ് കൈമുട്ടിപ്പാട്ട്. പീർ മുഹമ്മദ്, എരഞ്ഞോളി മൂസ തുടങ്ങിയവരുടെ പാട്ടുകൾക്കൊപ്പം പുതിയ തലമുറയിലുള്ളവരേക്കൂടി ഉൾപ്പെടുത്തുമ്പോൾ കൈമുട്ടിപ്പാട്ടുകൾക്ക് ഇമ്പമേറുന്നു.