പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തട്ടുപൊളിപ്പന്‍ സംഭാഷണങ്ങളും ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുന്നത്. 

പുതുമുഖം സയ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായികയായി എത്തുന്നത്.  ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകളും ടീസറും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. 

31 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ നായകനായി കെ. മധു ഒരുക്കിയ സിനിമയായിരുന്നു ഇരുപതാം നൂറ്റാണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഈ ചിത്രം. എന്നാല്‍ പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് പഴയ ചിത്രത്തിന്റെ പേരില്‍ മാത്രമേ സാമ്യതയുള്ളൂ എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 'നോട്ട് എ ഡോണ്‍ സ്റ്റോറി' എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം അരുണ്‍ ഗോപിയുടെയും പ്രണവിന്റെയും കരിയറിലെ രണ്ടാമത്തെ ചിത്രം കൂടിയാണ്. സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.

Content Highlights: irupathiyonnam noottandu  pranav mohanlal arun gopy trailer release