മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോട് കൂടിയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. പക്ഷേ കോവിഡ് കാലത്ത് ആ പ്രൊജക്ട് ഒഴിവാക്കിയതായും വാര്‍ത്ത വന്നു. എന്നാല്‍ പ്രൊജക്ട് പൂര്‍ണമായി ഒഴിവാക്കിയിട്ടില്ലെന്നും തത്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നതാണെന്നും തീരുമാനം താനും മമ്മൂട്ടിയും ഒരുമിച്ചെടുത്തതാണെന്നും സത്യന്‍ അന്തിക്കാട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു

'ഏപ്രില്‍ പത്തിന് തുടങ്ങാമെന്ന് കരുതിയ പ്രൊജക്ടിനിടയിലാണ് കോവിഡ് എത്തിയത്. ഇക്ബാൽ കുറ്റിപ്പുറം ആണ് തിരക്കഥ. ഓണത്തിന് റിലീസ് ചെയ്യാമെന്നായിരുന്നു അന്ന് മനസിലുണ്ടായിരുന്നത്. മമ്മൂട്ടിയെ വെച്ചായിരുന്നു പടം മനസില്‍ കണ്ടത്. എന്നാല്‍ കരുതിയിരുന്ന റിലീസ് ടൈം മാറി. നമ്മളെപ്പോഴും സിനിമ പ്ലാന്‍ ചെയ്യുക അന്നത്തെ ഓഡിയന്‍സിന്റെ മൈന്റ് സെറ്റ് കൂടി പരിഗണിച്ചാണല്ലോ. അത് പൂര്‍ണമായും മാറിയിരിക്കുന്നു. അതുകൊണ്ട് തത്കാലം ആ പ്രൊജക്ട് മാറ്റിവെച്ചിരിക്കുകയാണ്.

മറ്റൊരു പ്രൊജക്ടിന്റെ ആലോചനയിലാണ് ഇപ്പോള്‍. സ്‌ക്രിപ്റ്റ് എഴുത്ത് തുടങ്ങി. ഏപ്രിലിന് ശേഷം മാത്രമേ ഷൂട്ടിങ് ആരംഭിക്കൂ'- സത്യന്‍ അന്തിക്കാട് പറഞ്ഞു