പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിനേക്കുറിച്ച് കേൾക്കാത്തവരും വായിക്കാത്തവരും വിരളമായിരിക്കും.  അന്നയുടേയും ദസ്തയേവ്സ്കിയുടേയും പ്രണയത്തിലേക്ക് പെരുമ്പടവത്തിലൂടെ കടന്നുചെല്ലുന്ന ചിത്രമാണ് ഇൻ റിട്ടേൺ, ജസ്റ്റ് എ ബുക്ക്. ചിത്രം കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. 

പെരുമ്പടവം ശ്രീധരൻ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. വ്ലാദിമിർ പോസ്ഡ്നികോവ് ദസ്തയേവ്സ്കിയായും ഒക്സാന കാർമിഷിന അന്നയായും വേഷമിട്ടിരിക്കുന്നു. സാഹിത്യകാരൻ സക്കറിയ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷൈനി ജേക്കബ് ബഞ്ചമിൻ. കെ.ജി. ജയൻ ഛായാ​ഗ്രഹണവും എഡിറ്റിങ് ബി. അജിത്കുമാറും സം​ഗീതസംവിധാനം ശരത്തും നിർവഹിച്ചിരിക്കുന്നു.

2016-ലെ ​ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള, 64-ാമത് ദേശീയ ചലച്ചിത്രോത്സവം, മാതൃഭൂമി അക്ഷരോത്സവം, കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോത്സവം തുടങ്ങി നിരവധി മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.