ഇടവേളയില്ലാതെ അമ്മയുടെ സെക്രട്ടറിയായി തുടരുന്ന ഇടവേള ബാബു ഇങ്ങനെ ഉത്തരവാദിത്തമില്ലാതെ പെരുമാറരുത്. നടി പാര്‍വതി തിരുവോത്ത് അമ്മ വിട്ടതിന്റെ കാരണത്തെ ന്യായീകരിച്ചപ്പോള്‍ ഇങ്ങനെയൊരു പറ്റ് ബാബുവിന്റെ ഭാഗത്തുനിന്ന് ഉണ്ടാവരുതായിരുന്നു. അതു പോട്ടെ. പാര്‍വതിയിലേക്കു വരുന്നതിനു മുമ്പ് മറ്റൊരു കാര്യം കൂടി പറയാം.

റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, ഭാവന എന്നീ നടിമാരാണ് അമ്മയുമായി കലഹിച്ച് നേരത്തേ സംഘടന വിട്ട അംഗങ്ങള്‍. അവളോടൊപ്പം ആരുമില്ല എന്ന് നേരത്തേ തിരിച്ചറിഞ്ഞവര്‍. 
തകര്‍ന്നു കൊണ്ടിരിക്കുന്ന സംവിധാനത്തെ നന്നാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്  ഇതുവരെ സംഘടയില്‍ തുടര്‍ന്നതെന്നാണ് പാര്‍വതിയുടെ വാദം. ആ പ്രതീക്ഷ തകര്‍ത്തുകളഞ്ഞത് ഇടവേള ബാബുവിന്റെ ഒരു അഭിമുഖമാണ്.