പ്രിയദര്‍ശനെന്ന സംവിധായകനെ അടയാളപ്പെടുത്തിയ 'പൂച്ചയ്‌ക്കൊരുമുക്കുത്തി' എന്ന സിനിമയുടെ സ്വന്തം അച്ഛന്റെയും അമ്മയുടെയും കഥതന്നെയാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷോരോത്സവത്തില്‍ ' ഋതുഭേദങ്ങള്‍' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആ സിനിമയുടെ ഇന്‍സ്പിരേഷന്‍ എന്ന് പറയുന്നത് ചാള്‍സ് ഡിക്കന്‍സിന്റെ സ്ട്രെയ്ഞ്ച് ജെന്റില്‍മാന്‍ എന്ന എന്ന കൃതിയാണ്. അതില്‍ നിന്നാണ് പപ്പുവേട്ടന്റെ (കുതിരവട്ടം പപ്പു) കഥാപാത്രത്തെ കണ്ടെത്തുന്നത്. അതിലെ നെടുമുടി വേണുവിന്റെയും സുകുമാരിയുടെയും കഥാപാത്രം എന്റെ അച്ഛനും അമ്മയും തന്നെയാണ്. അവര്‍ തമ്മില്‍ വഴക്കിടാത്ത ഒരു ദിവസം പോലും ഞാന്‍ കണ്ടിട്ടില്ല. എന്നും രാത്രി എട്ട് മണിയാകുമ്പോള്‍ ഈ വഴക്ക് തുടങ്ങും. അത് കണ്ടാല്‍ തോന്നും നാളെ ഇവര്‍ പരസ്പരം സംസാരിക്കാനേ പോകുന്നില്ലെന്ന്. പക്ഷേ രാവിലെ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലാത്ത രീതിയിലാവും ഇവരുടെ പെരുമാറ്റം. ആ സിനിമ കണ്ടിട്ട് അമ്മ മൂന്ന് നാല് ദിവസം മിണ്ടിയിട്ടില്ല. വീട്ടില്‍ നടക്കുന്ന കാര്യങ്ങളാണോ സിനിമയാക്കുന്നതെന്ന് പറഞ്ഞ് ചീത്ത വിളിച്ചു. പക്ഷേ അമ്മ മരിച്ച് കൃത്യം മുപ്പതാമത്തെ ദിവസം അച്ഛന്‍ മരിച്ചു. എനിക്ക് തോന്നുന്നു അച്ഛന്‍ അമ്മയെ വല്ലാതെ മിസ് ചെയ്തിരുന്നുവെന്ന്. ഇവരുടെ വഴക്ക് നിത്യേനയുള്ള സംഭവമായിരുന്നു. പക്ഷേ ആ വഴക്ക് മിസ് ചെയ്തപ്പോള്‍ അദ്ദേഹം പോയി. അച്ഛന് യാതൊരു അസുഖവും ഇല്ലാത്ത വ്യക്തിയായിരുന്നു'.