ജോൺസൺ മാഷിൻ്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒന്ന് മനസ്സിൽ തൊട്ടുപോകാത്ത മലയാളി സിനിമാസ്വാദകർ ഉണ്ടാവില്ല. അദ്ദേഹത്തിൻ്റെ ഓർമകൾക്കുമുമ്പിൽ ആദരാഞ്ജലി അർപ്പിച്ച് നിരവധി പരിപാടികളും ഇതിനകം പല കാലത്തും വന്നുകഴിഞ്ഞു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് മലയാളം മൂവീസ് ആൻഡ് ഡാറ്റ ബേസിൻ്റെ (mb3db) ബി.ജി.എം. ഫിയസ്റ്റ എന്ന വീഡിയോ ഉദ്യമം. 
മലയാളത്തിലെ മുൻനിര പിന്നണി വാദകരെ അണിനിരത്തി ജോൺസൺ മാഷിൻ്റെ പശ്ചാത്തല സംഗീതത്തിന് പ്രാധാന്യം നൽകി ഉണ്ടാക്കിയ വീഡിയോ ഇപ്പോൾ ആ അതുല്യ പ്രതിഭയെ സ്നേഹിക്കുന്ന എല്ലാവരിലും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം നൽകിക്കൊണ്ടിരിക്കുന്നു. മോഹൻലാലിന്റെ ഒരുപാട് ഹിറ്റ് സിനികൾക്ക് ബി ജിം എം വായിച്ചത് ജോണ്സണ് ആണ്. അതുകൊണ്ടുതന്നെ ഈ വീഡിയോ ലോഞ്ച് ചെയ്തത് മോഹൻലാൽ ആയിരുന്നു. കെ എസ് ചിത്ര, സുജാത, ഔസേപ്പച്ചൻ, ജി വേണുഗോപാൽ, ശരത്, ബിജിബാൽ, ഗോപി സുന്ദർ, രാഹുൽ രാജ്, ജിയോ ബേബി എന്നിവരും  പങ്കുചേർന്നു.

" പ്രേക്ഷകരുടെ മുന്നിൽ അതുവരെ എത്താതിരുന്ന നാഗവല്ലി, അവരുടെ പ്രസൻസും മാനസികാവസ്ഥയും അതുപോലെ ഭീകരാവസ്ഥയും നമ്മളിലേയ്ക്ക് പകർന്നിരുന്നത് വീണയുടെയും വയലിന്റെയും ചിലങ്കയുടെയും ഒക്കെ ശബ്ദം കൊണ്ട് മാത്രമാണ്. അത്രയും മിനിമൽ ആയ പ്രയോഗത്തിലൂടെ മനുഷ്യമനസിൽ സംഗീതം വഴി കണാത്ത ഒരു കഥാപാത്രത്തെ സൃഷ്ടിക്കാൻ കഴിവുള്ളയാൾ ഒരു ഇതിഹാസം തന്നെയാണ്, എന്നും ആഘോഷിക്കപ്പെടെണ്ടയാൾ. ഇത്തരത്തിൽ ഒരു ട്രിബ്യൂട്ട് ഞങ്ങൾ ജോൻസൺ മാഷിനു ഒരുക്കിയതിനു പിന്നിലെ കാരണങ്ങളിൽ ഒന്നു മാത്രമാണിത്.

 മാസങ്ങൾക്ക് മുൻപ് ഒരു രാത്രിയിൽ, തൃശൂർ മജ്‌ലിസ് പാർക്കിന്റെ അങ്കണത്ത്  ഇത് ഒരുക്കി ഷൂട്ട് ചെയ്യുമ്പോൾ ചില ബി ജി യെം പീസുകളിൽ ഞങ്ങൾ എല്ലാവർക്കും ഫീൽ ചെയ്തത് ഒരു കാര്യമാണ്. അദ്ദേഹത്തിന്റെ പ്രസൻസ്. അദ്ദേഹത്തിൻ്റെ സംഗീതത്തിന് അങ്ങിനെ ഒരു കഴിവ് കൂടിയുണ്ട്, ഒരാൾ ഇതിഹാസം ആകുന്നതിന്റെ അടുത്ത തെളിവ്" - എംബി 3 ഡി ബി യുടെ സ്ഥാപകരിൽ ഒരാളും ബി.ജി.എം.ഫിയസ്റ്റ ഡയറക്ടറുമായ പ്രശസ്ത പരസ്യ സംവിധായകൻ കുമാർ നീലകണ്ഠൻ ഇത് പറയുമ്പോൾ മലയാള സംഗീത ലോകത്തെ അതികായരിൽ പലരും അത് ശരി വെക്കുന്നു. 

 ദിലീപ് വിശ്വനാഥൻ, എതിരൻ കതിരവൻ, കിരൺ, ഉമ എന്നിവരാണ് ഇത്തരമൊരു പദ്ധതി യാഥാർത്ഥ്യമാവാൻ മുൻകൈയെടുത്തത്. സംഗീതം എഡിറ്റ് ചെയ്തതും ഒരുക്കിയതും റിസൺ ആണ്. ഷാൻ റഹ്മാൻ, സൂര്യദേവ, റോജിൻ എന്നിവരാണ് കാമറയ്ക്കു പുറകിൽ. 

 ഓടക്കുഴലിലും മേലോഡിക്കയിലും റിസൺ എം.ആർ, കീ ബോർഡ് രഞ്ജിത്ത് ജോർജ്, ലെനു എന്നിവർ, വയലിനിൽ ഫ്രാൻസിസ്, ഹെറാൾഡ്, ജോസ് കുട്ടി, ജെയ്ൻ, ഡാനി, സദാനന്ദൻ, ഗിത്താറിൽ ജോസ് പീറ്റർ, വിൻസെൻ്റ് കെ.വി, റിഥം പാഡിൽ നജീബ് എം.എസ്, ഡ്രംസിൽ ഷോമി ഡേവിസ്, തബല, മൃദംഗം എന്നിവയിൽ ദിനേശൻ, തബല, ഡോലക് എന്നിവയിൽ ജയകുമാർ  വീണയില് ബിജു എന്നിവരായിരുന്നു വാദകർ.  ദീപ മേനോൻ്റെ മധുരമായ ആലാപനവും ഇതിൽ ഉൾപ്പെടുന്നു. 

വീഡിയോക്ക് പിറകിൽ സൗണ്ട് എൻജിനീയർ ജയേഷ്, മിക്സിംഗ് സജി ആർ നായർ. അസോസിയേറ്റ് ഡയറ്ടർ ഹരി വിസ്മയം, എഡിറ്റിംഗ് ജുനൈദ് ഇ.പി. തുടങ്ങിയവരും സാനിദ്ധ്യം അറിയിക്കുന്നു.