ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തളർന്നുവീണ് ആശുപത്രിയിലായി മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടൻ ഉണ്ണിരാജ. ശസ്ത്രക്രിയയും ആശുപത്രിവാസവും കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം വീണ്ടും വയലിൽ ഇറങ്ങാനായതിന്റെ സന്തോഷത്തിലാണ് ഉണ്ണി.

'കൃഷിപ്പണി ചെയ്താണ് അമ്മ ഞങ്ങളെ നോക്കിയത്. അച്ഛന് നാടൻ പണിയായിരുന്നു. കൃഷിയാ അമ്മയ്ക്ക് ഇഷ്ടം. സ്വന്തമായി വയൽ വാങ്ങണമെന്ന അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തില്ലെങ്കിൽ പിന്നെന്താണ് എനിക്ക് കഴിയുക.' കൈലിയും ബനിയനുമിട്ട് തലയിൽ കെട്ടുമായി തനി കർഷകനാണ് നാട്ടിലെ ഉണ്ണി. അമ്മ പണ്ട് കൃഷിപ്പണി ചെയ്തിരുന്ന വയൽ, അടുത്തിടെയാണ് അമ്മയ്ക്കുള്ള സ്‌നേഹ സമ്മാനമായി ഉണ്ണി വിലയ്ക്ക് വാങ്ങിയത്.