ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഓസ്‌കാറിലേക്ക് ഇന്ത്യയുടെ എന്‍ട്രിയായ സന്തോഷത്തിലാണ് നിര്‍മ്മാതാവ് തോമസ് പണിക്കര്‍. ചിത്രത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം ദുബായില്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചു കഴിഞ്ഞു. മികച്ച അഭിപ്രായങ്ങളും ലഭിച്ചു. ഓസ്കാറിന് തിരഞ്ഞെടുക്കപ്പെടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ശ്രമിച്ചുനോക്കാം എന്നേ ഉണ്ടായിരുന്നുള്ളൂ. ഈ ഒരു നേട്ടത്തിന് ജൂറിയോടും പ്രേക്ഷകരോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലാണ് ജല്ലിക്കെട്ടിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, ഡിസൈപ്പിൾ , ശിക്കാര. ബിറ്റർ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനും ഓസ്കർ നാമനിർദേശത്തിനായി സമർപ്പിച്ച 27 ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു.
രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗുരു ആണ് മലയാളത്തില്‍നിന്നും ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011-ല്‍ സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിനും ഇന്ത്യയിൽ നിന്ന് ഓസ്കർ എൻട്രി ലഭിച്ചു.