ചെങ്കല്‍ച്ചുവപ്പ്, പച്ചപ്പിന്റെ സമൃദ്ധി, മഴയും വെയിലും ആവോളമാസ്വദിക്കാന്‍ വീട്ടകത്തൊരു മുറ്റം. വീട് വെക്കാന്‍ മരം മുറിക്കരുതെന്ന നിര്‍ബന്ധത്തില്‍ പഴയ കപ്പല്‍ പൊളിച്ചുകിട്ടിയ തടിയില്‍ തീര്‍ത്ത മരപ്പണികളും ഫര്‍ണിച്ചറുകളും.... നിര്‍മ്മാണരീതി കൊണ്ടും കാഴ്ചകൊണ്ടും പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുകയാണ് എഴുത്തുകാരി ഡോ.ആര്യാ ഗോപിയുടെയും ഭര്‍ത്താവ് ജോബി ജോസഫിന്റെയും 'ജേര്‍ണി' എന്ന വീട്. അകത്തേക്ക് കയറുന്തോറും സാധാരണ വീട് സങ്കല്‍പങ്ങളെ പൊളിച്ചെഴുതി 'ജേര്‍ണി' നമ്മെ വിസ്മയിപ്പിക്കും. ചെത്തിത്തേക്കാത്ത ചെങ്കല്‍ ചുമരുകള്‍ക്ക് പുറമേ ഗ്ലാസ് ചുമരുകളും മനോഹാരിത കൂട്ടുന്നു. 

വീടുണ്ടാക്കുമ്പോള്‍ വെറുമൊരു കോണ്‍ക്രീറ്റ് കെട്ടിടമാകരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു ആര്യാ ഗോപിക്കും ജോബി ജോസഫിനും. ആര്‍കിടെക്റ്റ് ബിജു ബാലനോടും ഇത് തന്നെയാണ് അവര്‍ പറഞ്ഞത്. അങ്ങനെയാണ് 'ജേര്‍ണി' എന്ന വീട് പിറന്നത്. 'സാമൂഹികപ്രതിബദ്ധതയോടെ എഴുതുകയും ജീവിക്കുകയും ചെയ്യുന്ന ഞങ്ങള്‍ ഒരു വീട് വെക്കുമ്പോഴും അതേ പ്രതിബദ്ധതയോടെ വേണമല്ലോ ചെയ്യാന്‍'- ആര്യാ ഗോപി പറയുന്നു.