കോവിഡ് ബാധിച്ച് മരിച്ച അ‌മ്മയ്ക്ക് പകരം കുഞ്ഞനുജത്തിയുടെ മാതൃത്വം ഏറ്റെടുത്തിരിക്കുകയാണ് ഇടുക്കി ഉപ്പുതറയിലെ സനിറ്റയെന്ന ഏഴു വയസ്സുകാരി. ഇക്കഴിഞ്ഞ മെയ് 17ന് സനിറ്റയുടെ അ‌മ്മ സനിജ മരിക്കുമ്പോൾ അനിയത്തി സാനിയ  ജനിച്ചിട്ട് പത്തു ദിവസം മാത്രം. അ‌തിനും ഒരാഴ്ച മുമ്പേ സനിജയുടെ അ‌മ്മയേയും കോവിഡ് കൊണ്ടുപോയിരുന്നു.

ഇതോടെ അമ്മയും അമ്മമ്മയും നഷ്ടപ്പെട്ട ചെറുമക്കളുടെ സംരക്ഷണം അ‌ർബുദരോഗി കൂടിയായ അ‌ച്ഛന്റെ അ‌മ്മ ലീലാമ്മ ഏറ്റെടുത്തു. എങ്കിലും കുഞ്ഞനുജത്തിയുടെ പരിചരണത്തിനായി മുത്തശ്ശിയ്ക്കൊപ്പം എപ്പോഴും സനിറ്റയുമുണ്ടാകും. അച്ഛനും അപ്പൂപ്പനും ചേട്ടനുമൊക്കെ ഉണ്ടെങ്കിലും, കീമോ തെറാപ്പിയ്ക്കായി ലീലാമ്മ തിരുവനന്തപുരത്ത് പോകുമ്പോൾ അ‌നിയത്തിയുടെ സംരക്ഷണം സനിറ്റയുടെ കുഞ്ഞു കൈകളിൽ ഭദ്രമാണ്.