മണി പ്ലാന്റുകള്‍ കൊണ്ട് ചിത്രം വരച്ചപോലെ മതിലുകള്‍ തീര്‍ത്തിരിക്കുന്നു എലത്തൂരിലെ എ.സി.മൊയ്തീനെന്ന നാട്ടുകാരുടെ മൊഞ്ഞാക്ക. മുപ്പത് വര്‍ഷത്തെ പ്രയത്നം മൊഞ്ഞാക്കയുടെ വീടിനെയിന്ന് ജൈവ വീടാക്കി മാറ്റി. ഒപ്പം പരിസര ശുചിത്വത്തിന്റെ നേര്‍ക്കാഴ്ചയുമാണ്.

മണിപ്ലാന്റുകളും ഔഷധച്ചെടികളും കൊണ്ട് തീര്‍ത്ത ചുറ്റുമതില്‍ മൊഞ്ഞാക്കയുടെ ശുദ്ധവായുവും കുളിരും പകരുന്ന കുഞ്ഞുവീടിനെ സ്വപ്നവീടാക്കി തീര്‍ത്തിട്ടുണ്ട്. മതിലുകള്‍ വേര്‍തിരിവിന്റെ ചിഹ്നമായി മാറുന്ന കാലത്ത് മൊഞ്ഞാക്കയുടെ ഈ ജൈവ മതില്‍ പോസിറ്റീവ് എനര്‍ജിയുടെ കൂമ്പാരമാണ്.  

നാലടിയോളം ഉയരത്തിലും രണ്ടടി വീതിയിലും 80 മീറ്റര്‍ നീളത്തിലുമായാണ് വീടിനുചുറ്റും ഔഷധസസ്യങ്ങളും മണിപ്ലാന്റുകളും മൊഞ്ഞാക്ക ചുറ്റുമതില്‍തീര്‍ത്തത്. മണി പ്ലാന്റ്, ആടലോടകം, തുളസി, വേപ്പ്, ചെമ്പരത്തി വള്ളിച്ചെടി, തെച്ചി, ജമന്തി, വിവിധയിനത്തിലുള്ള പ്രിന്‍സ്, എന്നിവകൊണ്ടുള്ള കവചമാണ് വീടിനുചുറ്റുമുള്ളത്.

മൊയ്തീന്‍കോയ നട്ടുനനച്ച് വളര്‍ത്തുമ്പോള്‍ പരിപാലിക്കാന്‍ ഭാര്യ റസിയയും ഒപ്പമുണ്ട്. ജൈവ വേലിക്കൊപ്പം ഒരു ഇല പോലും മുറ്റത്ത് വീഴാതെ ചെരിപ്പിട്ട് കയറാന്‍ മടിക്കുന്ന മുറ്റവും വീടും സ്വന്തമാക്കി ആളുകളെ അസൂയപ്പെടുത്തുകയും ചെയ്യുന്നു ഈ ജൈവ ദമ്പതിമാര്‍.