ഒക്ടോബറില്‍ ഉണ്ടായ പ്രളയത്തില്‍ കച്ചവടം ചെയ്തിരുന്ന കെട്ടിടവും സാധനങ്ങളും ഉള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടമാണ് കൂട്ടിക്കല്‍ സ്വദേശിയായ മജീദിനുണ്ടായത്. പ്രായമായ ഉമ്മയും ഭാര്യയുമടങ്ങുന്ന മജീദിന്റെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായിരുന്നു കൂട്ടിക്കല്‍ ചപ്പാത്തിലെ ഈ പലചരക്കുകട.

എന്നാല്‍, നഷ്ടങ്ങളെ ഓര്‍ത്ത് ദുഖിച്ചിരിക്കാന്‍ തയ്യാറായിരുന്നില്ല ഈ അറുപതുകാരന്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ അതേ സ്ഥലത്ത് മജീദ് വീണ്ടും കച്ചവടമാരംഭിച്ചു. കെട്ടിടത്തിലല്ല, സ്വന്തമായി ഉണ്ടായിരുന്ന മാരുതി 800ല്‍ ആണെന്ന് മാത്രം! തന്റെ ഉപജീവനമാര്‍ഗം എന്നതിനൊപ്പം പ്രദേശത്തെ ജനങ്ങളുടെ ആവശ്യം കൂടിയാണ് ഈ കടയെന്ന് മജീദ് പറയുന്നു.