'എഴുപത് വർഷത്തോളമായി ഞാനിവിടെ ജീവിക്കുന്നു. ഇന്നുവരെ ഒരു ഉരുളൻ കല്ലുപോലും മുകളിൽനിന്ന് വീണിട്ടില്ല. ഉരുൾപൊട്ടിയത് മേഘസ്‌ഫോടനമാണെന്നൊക്കെ ആളുകൾ പറയുന്നു. ഞാൻ ശാസ്ത്രജ്ഞനൊന്നുമല്ല. പക്ഷേ, എന്റെ ചെറുപ്പകാലത്ത് പത്തും പന്ത്രണ്ടും ദിവസം തോരാതെ മഴ പെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഇങ്ങനെ ഉണ്ടായിട്ടില്ല. പുതുതായി വന്നത് പാറമടകളാണ്. നൂറുകണക്കിന് അടി താഴ്ചയുള്ള പാറമടയാണ് ഇവിടെ രൂപംകൊണ്ടിട്ടുള്ളത്' -കൊക്കയാർ ഉരുൾപൊട്ടലിന് സാക്ഷിയായ പാപ്പച്ചൻ പറയുന്നു. 

കൊക്കയാർ ഉരുളൾപൊട്ടലുണ്ടായ സ്ഥലവും പാപ്പച്ചന്റെ വീടും തമ്മിൽ ഏതാനും മീറ്ററുകളുടെ അകലം മാത്രമാണുള്ളത്. ഇദ്ദേഹത്തിന്റെ വീടിന് ഒരു വീടപ്പുറത്താണ് നാലു കുട്ടികളും ഒരു യുവതിയും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചത്. ആകെ ഏഴുപേർക്ക് ജീവൻ നഷ്ടമാവുകയും ഏഴുവീടുകൾ പൂർണ്ണമായും മണ്ണിനടിയിലാവുകയും ചെയ്ത  ഉരുൾപൊട്ടലിൽ പാപ്പച്ചന്റെ ഒരേക്കറിലേറെ റബ്ബർ തോട്ടവും ഇല്ലാതായി. ദുരന്തം പുറംലോകം അറിയുംമുമ്പേ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പാപ്പച്ചൻ അന്നത്തെ അവസ്ഥ എന്തായിരുന്നെന്നും ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്താണെന്നും ദുരന്തഭൂമിയിൽ നിന്നും വിശദീകരിക്കുന്നു.