രണ്ടാം വയസില്‍ പോളിയോ ബാധിച്ച് തളര്‍ന്നു പോയതാണ് ബിനോയ് ഏയ്ഞ്ചല്‍ എന്ന വൈറ്റില സ്വദേശിയുടെ വലതുകാല്‍. നാടും വീടും നാട്ടാരും അടങ്ങിയൊതുങ്ങി വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞെങ്കിലും ഒരു പരിധിക്കപ്പുറം അത് കേള്‍ക്കാന്‍ ബിനോയ് ഒരുക്കമായിരുന്നില്ല. വൈകിയാണെങ്കിലും പാരാബാഡ്മിന്റണ്‍ എന്ന മേഖലയെപ്പറ്റി അറിഞ്ഞതോടെയാണ് ബിനോയിയുടെ ലോകം മാറിമറിഞ്ഞത്. 

നേരത്തേ ബാഡ്മിന്റണ്‍ ഇഷ്ടമായിരുന്ന ബിനോയ് കുറഞ്ഞ കാലത്തെ പരിശീലനം കൊണ്ടു തന്നെ കളി വശത്താക്കുകയും വിവിധ ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയും ചെയ്തു. ഇത്തവണത്തെ പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണവും വെള്ളിയും നേടിയ പ്രമോദ് ഭഗത്, മനോജ് സര്‍ക്കാര്‍ എന്നിവര്‍ക്കൊപ്പവും എതിരാളിയായും ദേശീയ തലത്തില്‍ വിവിധ ടൂര്‍ണമെന്റുകള്‍ കളിച്ചിട്ടുള്ള താരമാണ് ബിനോയ്.