മൊയ്തീന്റേയും കാഞ്ചനമാലയുടേയും കഥ പറഞ്ഞ മുക്കം എന്ന ഗ്രാമത്തിന് ഇന്ന് പ്രകൃതിയോട് ഒരു മനുഷ്യന് തോന്നിയ അടങ്ങാത്ത പ്രണയത്തിന്റെ കഥ പറയാനുണ്ട്. ഇരുവഞ്ഞിപ്പുഴ തീരത്തു തന്നെയാണ് ഈ കഥയും നടക്കുന്നത്. നായകന്‍ ഗള്‍ഫില്‍ തോട്ടക്കാരനായി ജോലി നോക്കിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ ദാമോദരന്‍. ഇപ്പോള്‍ ഓട്ടോ ഡ്രൈവര്‍.

വീടുണ്ടാക്കാന്‍ വെച്ച പണമെടുത്താണ് വയനാട്ടില്‍നിന്ന് മഞ്ഞമുളകളെത്തിച്ച് നട്ടു തുടങ്ങിയത്. ചെലവാക്കിയത് ചില്ലറയല്ല, പന്ത്രണ്ട് ലക്ഷം. ഇവിടെ തന്റേതല്ലാത്ത ഒരു തുള്ളി വിയര്‍പ്പുപോലും വീണിട്ടില്ലെന്ന് ദാമോദരേട്ടന്‍ അഭിമാനത്തോടെ പറയുന്നു. വീട്ടുകാരും നാട്ടുകാരും എതിര്‍ത്തിട്ടും വര്‍ഷങ്ങളെടുത്ത് പ്രകൃതിയുടെ തണുപ്പുള്ള വാസസ്ഥലം തീര്‍ത്തിരിക്കുകയാണ് അദ്ദേഹം. ഭക്ഷണം കഴിച്ചില്ലെങ്കില്‍ നമ്മള്‍ ദിവസങ്ങളോളം ജീവിക്കും. പക്ഷേ ഓക്‌സിജനില്ലാതെ മൂന്ന് മിനിട്ടു പോലും ജീവിക്കാനാകില്ല. ദാമോദരേട്ടന്റെ ഈ വാക്കുകളിലുണ്ട് എല്ലാം. ആ മുളഞ്ചോലയിലേക്ക് ഒരു യാത്രപോകാം...