20,000 രൂപ മൂലധനവുമായി കൊച്ചിയിലെ ചെറിയൊരു ഓഫീസ് മുറിയിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ അതൊരു ഭ്രാന്തൻ ആശയമായാണ് പലരും പരിഗണിച്ചിരുന്നതെന്ന് സിയാൽ മുൻ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ. പിന്നീട് വന്ന വിവിധ സർക്കാരുകളുടെ അകമഴിഞ്ഞ പിന്തുണയാണ്, പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന യു.എൻ. അംഗീകാരം നേടിയ എയർപോർട്ടാക്കി നെടുമ്പാശ്ശേരി വിമാനത്താവളത്തെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

2030ൽ വിമാനത്താവളത്തിന് അടുത്തുള്ള നൂറേക്കറിൽ ഷോപ്പിങ് കോംപ്ലക്സും ഇന്റർനാഷണൽ ഫുഡ് കോർട്ടും ഉൾപ്പെടെയുള്ള എയർപോർട്ട് സിറ്റിയ്ക്ക് വഴി തെളിച്ചുകൊണ്ടാണ് വി.ജെ. കുര്യൻ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. ഇതോടെ പാൻഡെമിക് പോലുള്ള വിമാനങ്ങൾ വരാത്ത സമയത്തും സിയാലിന് ലാഭത്തിൽ പ്രവർത്തിക്കാനാകുമെന്നും ഒപ്പം പാർക്കിങ് ഫീസും യൂസേഴ്സ് ഫീസും ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിയാൽ എന്ന കമ്പനിയുടെ തുടക്കത്തെ കുറിച്ചും നേരിട്ട വെല്ലുവിളികളെ കുറിച്ചും സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യാത്തതിന്റെ കാരണത്തെ കുറിച്ചുമെല്ലാം വി.ജെ. കുര്യൻ വിശദമാക്കുന്നു.