മുല്ലപ്പെരിയാറിൽ പുതിയ ഡാം നിര്‍മിക്കണം എന്നു തന്നെയാണ് കേരളത്തിന്റെ ആവശ്യമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 330 അടി താഴെ പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ടെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടെന്ന് കേരളത്തിന് അഭിപ്രായമില്ല. 136 അടിയായി ജലനിരപ്പ് നിജപ്പെടുത്തണമെന്ന് ആവശ്യപ്പെടുമ്പോഴും തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തില്‍ ഒരു തുള്ളി പോലും കുറയ്ക്കണമെന്ന് പറയുന്നില്ല. തമിഴ്‌നാടുമായി ചര്‍ച്ച ചെയ്ത് കോടതിയ്ക്ക് പുറത്തുതന്നെ വിഷയം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.