ഏത് തീരുമാനമെടുത്താലും അത് മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമാണ് എന്ന് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ. മാതൃഭൂമി ന്യൂസ് പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് ആര്‍. ശ്രീജിത്തുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടിയല്ല മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നത് എന്ന് സ്ഥാപിക്കുന്നതിനുള്ള ബോധപൂര്‍വമായുള്ള ശ്രമമാണ് നടക്കുന്നത്. വ്യക്തികേന്ദ്രീകൃതമായ പാര്‍ട്ടിയായി സിപിഎം മാറുന്നു എന്നൊരു ആരോപണത്തിലേക്ക് പാര്‍ട്ടിയെ കെട്ടിയിടാനുള്ള പ്രചരണ തന്ത്രമാണിത്. ആസൂത്രീതമായ പ്രചാരവേലയാണിത്. 

രണ്ട് ടേം നടപ്പിലാക്കിയതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഐക്യകണ്‌ഠേനെ എടുത്ത തീരുമാനമാണിത്. ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനമല്ലിത്. പല സന്ദര്‍ഭങ്ങളിലും ചര്‍ച്ച ചെയ്ത് ഭവിഷ്യത്തുകള്‍ കണക്കിലാക്കി സംസ്ഥാന തലത്തിലെത്തിയപ്പോഴാണ് അതില്‍ അന്തിമ തീരുമാനമുണ്ടായത്. അത് ഏതെങ്കിലുമൊരാളുടെ തീരുമാനമല്ല, കൂട്ടായ ചര്‍ച്ചയെ തുടര്‍ന്ന് ഉയര്‍ന്നുവന്ന നിലപാടാണ്. അതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. ഏതെങ്കിലുമൊരാളുടെ തീരുമാനമായി ചിത്രീകരിക്കുന്നതിന് പിന്നില്‍ ദുരുദ്ദേശമാണ് ഉള്ളത്. അക്കാര്യത്തില്‍ പാര്‍ട്ടിയിലാരും അത്തരമൊരു ആക്ഷേപം ഉന്നയിച്ചതായി കണ്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.‌