പാര്‍ട്ടി ഒരു അധികാര കേന്ദ്രമായിമാറാന്‍ പാടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. മാതൃഭൂമി ന്യൂസ് പൊളിറ്റിക്കല്‍ കറസ്പോണ്ടന്റ് ആര്‍. ശ്രീജിത്തുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തവണ രണ്ടാമൂഴം ലഭിച്ചിരിക്കുന്നതുകൊണ്ട് കുറേ കൂടി ഉത്തരവാദിത്വമുണ്ട്. കുറേകൂടി ജാഗ്രത പാലിക്കണം. അത് പാര്‍ട്ടി അണികളില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കാനിടയുണ്ട്. ഒരധികാര കേന്ദ്രമായി പ്രാദേശിക തലത്തിലും മറ്റും പാര്‍ട്ടി മാറാനിടയുണ്ട്. അത് പാടില്ല.

പാര്‍ട്ടി ഒരു അധികാര കേന്ദ്രമല്ല. സര്‍ക്കാര്‍ ഓഫീസുകള്‍ ചെയ്യേണ്ട കാര്യം പാര്‍ട്ടി ഓഫീസ് വഴി ചെയ്യാന്‍ പാടില്ല. ജനങ്ങള്‍ പലവിധ കാര്യങ്ങള്‍ക്ക് പാര്‍ട്ടിയെ സമീപിക്കുന്നുണ്ട്. അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണം. പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്വമുണ്ട്. പാര്‍ട്ടി തന്നെ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. അതിനൊരു വേര്‍തിരിവ് വേണം. ഇല്ലെങ്കില്‍ ഭാവിയില്‍ ചില പ്രത്യാഘാതങ്ങളുണ്ടാവും. അത് തിരിച്ചടിക്കിടയാക്കും. ജനങ്ങള്‍ അസംതൃപ്തരാവും. അത് ഉണ്ടാവാന്‍ പാടില്ല എന്നതിന്റെ മുന്നറിയിപ്പാണ് ഇത്തവണ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയില്‍ മുഖ്യമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.