പതിനഞ്ചാം വയസ്സുമുതൽ ഫിറ്റ്നസിന് പ്രാധാന്യം നൽകിയിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ. ജനിച്ചപ്പോൾ മുതൽ ആസ്മയുടെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പിന്നീട് അതു മാറിയെങ്കിലും മരുന്നുകളും മറ്റും കഴിച്ച് ആരോ​ഗ്യം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് വർക്കൗട്ടിലും മറ്റും കേന്ദ്രീകരിച്ചാണ് താൻ വീണ്ടും ആരോ​ഗ്യവാനായതെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. 

ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരാനുള്ള ടിപ്സും ഉണ്ണി പങ്കുവെക്കുന്നുണ്ട്. ജങ്ക് ഫൂഡ് കഴിക്കാതിരിക്കുക, വിശക്കുമ്പോൾ സമയത്തിന് കഴിക്കുക എന്നതെല്ലാമാണ് പ്രാധാന്യം നൽകേണ്ടത്. അഞ്ചോ ആറോ നേരമായി ഭക്ഷണം കഴിക്കുകയാണ് താൻ ചെയ്യാറുള്ളത്. ശേഷം നന്നായി വർക്കൗട്ട് ചെയ്യുന്നതിലും വിട്ടുവീഴ്ച ചെയ്യാറില്ലെന്നും ഉണ്ണി പറയുന്നു. 

ഫിറ്റ്നസിനെക്കുറിച്ച് അടുത്തകാലം വരെ കേരളത്തിന് തെറ്റായ കാഴ്ചപ്പാടായിരുന്നുവെന്നും ഉണ്ണി പറയുന്നു. ജിമ്മിൽ പണം മുടക്കുന്നതും നല്ല ഭക്ഷണം കഴിക്കുന്നതുമൊക്കെ സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ള സമൂഹമായിരുന്നു. കോവിഡിനു ശേഷം ജനങ്ങൾ മാറിച്ചിന്തിക്കാനും ഫിറ്റ്നസിന് പ്രാധാന്യം നൽകാനും തുടങ്ങിയെന്നും ഉണ്ണി പറയുന്നു. മാതൃഭൂമി ആരോ​ഗ്യമാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.