ഇടുക്കിയില്‍ വന്ന് നല്ല എല്ലും കപ്പയും കിട്ടുന്ന ഇടം തിരക്കിയാല്‍ ആരും ഒരു സംശയവുമില്ലാതെ കരീമിക്കയുടെ കൊച്ചു കട കാട്ടിത്തരും. നാല്‍പത്തഞ്ചു വര്‍ഷമായി മൂവാറ്റുപുഴ തൊടുപുഴ റൂട്ടില്‍ മടയ്ക്കത്താനത്ത് കരീമിക്ക ഈ കട നടത്തുന്നു. പ്രായം എഴുപതുകള്‍ കടന്നിട്ടും കട നിര്‍ത്താന്‍ കരീമിക്ക ഒരുക്കമല്ല. കേരളത്തിന്റെ പലഭാഗത്തു നിന്നും കരീമിക്കയുടെ എല്ലും കപ്പയും തിരക്കി വരുന്നവരുണ്ട്.

എല്ല് കഴുകി വേവിക്കുകയാണ് ആദ്യത്തെ ഘട്ടം. വലിയ ചെമ്പില്‍ വിറകടുപ്പിലാണ് എല്ല് വേവിക്കുന്നത്. ചേരുവകളെല്ലാം ഭാര്യ പാത്തുമ്മയുടെ കൈക്കണക്കാണ്. വറ്റല്‍മുളകും മല്ലിപ്പൊടിയും ചേര്‍ത്ത് പൊടിച്ചതും, കല്ലുപ്പും, ഗരംമസാലപ്പൊടിയും മഞ്ഞള്‍പ്പൊടിയും തന്നെയാണ് പ്രധാന ചേരുവ. എല്ല് മുക്കാല്‍ ഭാഗം വെന്താല്‍ കപ്പ തൊലികളഞ്ഞത് ചെറിയ കഷണങ്ങളാക്കി വൃത്തിയായി കഴുകിയ ശേഷം അതും ചെമ്പിലിടും. പിന്നെ അടച്ചു വച്ച് വേവിച്ചാല്‍ പത്ത് പതിനഞ്ച് മിനിറ്റുകൊണ്ട് കപ്പ ബിരിയാണി റെഡി.

ഇനി കപ്പ ഇളക്കുന്നതാണ് പ്രധാന പരിപാടി. അതിന് മുമ്പ് ഉള്ളിയും കറിവേപ്പിലയും കടുകും വെളിച്ചെണ്ണയില്‍ താളിച്ചത് ഈ കപ്പക്കൂട്ടിന് മുകളില്‍ ഒഴിക്കും.  ഇളക്ക് ശരിയായാലെ രുചി ശരിയാവൂ എന്നാണ് കരീമിക്കയുടെ മറുപടി.