ഇന്ത്യൻ ഭക്ഷണത്തോട് പ്രത്യേക മമത പുലർത്തുന്നവർ ലോകത്തിന്റെ പല ഭാ​ഗങ്ങളിലുമുണ്ട്. ഇപ്പോഴിതാ മാസ്റ്റർഷെഫ് ഓസ്ട്രേലിയ എന്ന പാചക  പരിപാടിയിലും ഇന്ത്യൻ ഭക്ഷണത്തിന് വാനോളം അഭിനന്ദനം ലഭിച്ചിരിക്കുകയാണ്. ഇന്ത്യക്കാരിയായ ദീപീന്ദർ തയ്യാറാക്കിയ പരമ്പരാ​ഗത രീതിയിലുള്ള ടിഫിനാണ് വിധികർത്താക്കളുടെ പ്രശംസ ലഭിച്ചിരിക്കുന്നത്. 

ചിക്പീ കറി, കടായ് പനീർ, കോളിഫ്ളവർ സ്റ്റഫ്ഡ് പറാത്ത, ഫ്രൈഡ് റൈസ് തുടങ്ങിയവയാണ് ദീപീന്ദർ ടിഫിനിൽ ഒരുക്കിയത്. ഒപ്പം മുത്തശ്ശിയുടെ റെസിപ്പിയിൽ നിന്ന് തയ്യാറാക്കിയ ഉപ്പിലിട്ടതും ഉണ്ടായിരുന്നു. വിധികർത്താക്കൾ ദീപീന്ദറിനെ പാചകമികവിനെ പുകഴ്ത്തുന്ന വീഡിയോ ആണ് ശ്രദ്ധേയമാവുന്നത്. വിധികർത്താക്കളുടെ വാക്കുകൾ കേട്ട് വികാരഭരിതയായ ദീപീന്ദറിനെയും വീഡിയോയിൽ കാണാം. താൻ കുട്ടിക്കാലം തൊട്ട് വീട്ടിൽ ശീലിച്ച രുചിയാണ് ഇവിടെ പകർത്താൻ ശ്രമിച്ചതെന്നു പറഞ്‍ ദീപീന്ദറിനോട് തങ്ങളേയും വീട്ടിലേക്കു കൊണ്ടുപോകൂ എന്നു വിധികർത്താക്കൾ പറയുന്നുമുണ്ട്.