കൊച്ചിക്കാരെല്ലാം ഇപ്പോള്‍ അന്വേഷിക്കുന്നത് ഒരു നിധിയാണ്.വാഴയിലയില്‍പ്പൊതിഞ്ഞ  ചൂടന്‍ നിധിയെത്തുന്നത് ജിഞ്ചു വിവേകിന്റെ അടുക്കളയില്‍ നിന്നാണ്. കൊറോണയുടെ നാളുകളില്‍ കേട്ട ഏറ്റവും രുചിയേറിയ അതിജീവനകഥകളിലൊന്നാണ് ജിഞ്ചുവിന്റേത് പൊറോട്ടകള്‍ക്കിടയില്‍ ഒളിപ്പിച്ച  ഈ രുചിവിസ്മയം എങ്ങനെ ഉണ്ടായെന്ന് പറയുകയാണ് ജിഞ്ചു

മേക്കപ്പ് ആര്‍ടിസ്റ്റായിരുന്ന ജിഞ്ചുവിനെ കൊവിഡ് കാലമാണ് രുചികളുടെ ലോകത്ത് എത്തിച്ചത്. ലോക്ഡൗണ്‍ വന്നതോടെ കല്യാണമടക്കമുള്ള പരിപാടികള്‍ നിര്‍ത്തിവെച്ചതോടെ ജോലി ഇല്ലാതായി. ഇനിയെന്ത് എന്ന ചോദ്യത്തില്‍ നിന്നാണ് ഏറ്റവും ഇഷ്ടമുള്ള കാര്യം തന്നെ വരുമാനമാക്കിക്കളയാം എന്ന തീരുമാനത്തില്‍ നിന്നാണ് ഹോം കിച്ചണ്‍ എന്ന ആശയത്തിലേക്ക് ജിഞ്ചു എത്തിയത്. കോഴിക്കോടന്‍ ബിരിയാണിയാണ് ആദ്യം പരീക്ഷിച്ചത്. പുതിയ വിഭവങ്ങളെ പറ്റിയുള്ള അന്വേഷണങ്ങള്‍ വന്ന് തുടങ്ങിയപ്പോഴാണ് 'നിധി പൊറോട്ട' എന്ന ആശയം മനസില്‍ വന്നത്. സംഗതി ഏറ്റു. കൊച്ചിയില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന നിധി പൊറോട്ട എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പറയുകയാണ് ജിഞ്ചു