ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾകൊണ്ടുതന്നെ ക്ലിക്കായിരിക്കുകയാണ് കൊച്ചിയിലെ കുടുംബശ്രീയുടെ പത്തുരൂപ ഊണ്. ചോറ്, സാമ്പാർ, തോരൻ, അച്ചാർ, പപ്പടം എന്നിവയടങ്ങിയ ഊണിന് ആവശ്യക്കാരേറെയാണിപ്പോൾ. മൂന്ന് ബാച്ചായിട്ടാണ് കുടുംബശ്രീപ്രവർത്തകർ ഇവിടെ ജോലി ചെയ്യുന്നത്. അത്യാധുനിക യന്ത്രത്തിന്റെ സഹായത്തോടെ അര മണിക്കൂർ കൊണ്ട് ചോറ് തയ്യാറാവുമെന്ന് വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ ലാൽ പറഞ്ഞു.

പല ഭാ​ഗങ്ങളിൽ നിന്നും കൊച്ചിയിലേക്ക് ജോലിക്കായി ആളുകൾ വരുന്നുണ്ട്. കോവിഡ് കാലം കൂടിയാണ്. വലിയ തുകയ്ക്കുള്ള ഭക്ഷണം വാങ്ങി കഴിക്കാൻ അവർക്ക് സാധിച്ചെന്ന് വരില്ല. അവരുടെ ആ ബാധ്യത ഒഴിവാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. കൊച്ചിയിൽ ആരും വിശന്നിരിക്കാൻ പാടില്ല എന്ന ആപ്തവാക്യം കൊച്ചി മേയർക്കുള്ളതുകൊണ്ടുമാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങിയതെന്നും ഷീബാ ലാൽ പറഞ്ഞു.