മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ചങ്കിടിപ്പ് ഉയരുന്നവരാണ് നമ്മള്‍ മലയാളികള്‍. മുല്ലപ്പെരിയാറിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേരളം റദ്ദാക്കിയതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിറക്കിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്പെന്‍ഡും ചെയ്തു. അനുമതി നല്‍കിയത് ഉന്നതരുടെ അറിവോടെയാണെന്നതിനുള്ള കൂടുതല്‍ തെളിവുകളും പുറത്ത് വന്നുകൊണ്ടിരിക്കുന്നു. 

ഡാം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഏതാനും മരങ്ങള്‍ മുറിക്കുന്നതില്‍ എന്താണ് പ്രശ്‌നം. അതെങ്ങനെയാണ് കേരള സര്‍ക്കാരിനെ ഇത്രയേറെ പ്രതിരോധത്തിലാക്കിയ വിഷയമായി?

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് തമിഴ്നാടിന്റെ ആവശ്യപ്രകാരം കേന്ദ്രം കേരളത്തിന് കത്തയക്കുന്നു. എര്‍ത്ത് ഡാം ശക്തിപ്പെടുത്തണമെന്നും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നുമാണ് കത്തില്‍ പറയുന്നത്. ബേബി ഡാം ശക്തിപ്പെടുത്താനാണ് അണക്കെട്ടിനോട് ചേര്‍ന്ന 23 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാട് ആവശ്യപ്പെടുന്നത്. ഇതേ തുടര്‍ന്ന് 15 മരങ്ങള്‍ മുറിക്കാമെന്ന കേരളത്തിന്റെ വിവാദ ഉത്തരവാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. 

എന്തിനാണ് ബേബി ഡാം ശക്തിപ്പെടുത്തുന്നത്

യഥാര്‍ത്ഥത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനേക്കാള്‍ മലയാളികള്‍ ഭയക്കുന്നത് അനുബന്ധ അണക്കെട്ടായ ബേബി ഡാമിനെയാണ്. ബേബി ഡാമിന് ബലക്ഷയമോ മറ്റ് സുരക്ഷാവീഴ്ചകളോ ഒന്നുമില്ലെങ്കില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടി ആക്കാന്‍, അതായത് പരമാവധി വെള്ളം നിറയ്ക്കാന്‍ തമിഴ്നാടിന് കേരളത്തോട് ആവശ്യപ്പെടാം. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്നാട് ആദ്യം ചെയ്യുക ബേബി ഡാമിനെ ശക്തിപ്പെടുത്തുക എന്നതാണ്.ഇതിനായുള്ള ശ്രമങ്ങളാണ് കാലങ്ങളായി തമിഴ്നാടിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതും പുതിയ ഡാമെന്ന കേരളത്തിന്റെ വാദത്തിനെ പ്രതിരോധിക്കുന്നതും. അടിത്തറപോലും കെട്ടാത്ത വെറും മൂന്നടി മാത്രം കോണ്‍ക്രീറ്റ് ചെയ്ത് കെട്ടിപ്പൊക്കിയ 240 അടി നീളവും 53 അടി ഉയരവും എട്ടടി വീതിയുമുള്ള ഡാമാണ് ബേബിഡാം.  118 അടിയില്‍ നിന്ന് ജലനിരപ്പുയര്‍ത്താന്‍ ഷട്ടര്‍ നിര്‍മ്മിക്കാനിറങ്ങിയ തമിഴ്നാട് ആ പദ്ധതി ഒഴിവാക്കി ഇതിനായി മണ്ണ് നീക്കിയ സ്ഥലത്ത് ഡാം നിര്‍മിക്കുകയായിരുന്നു. 

ഇനി മരംമുറിയിലേക്ക് വരാം. മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരേണ്ടത് തമിഴ്നാടിന്റെ ആവശ്യമാണ്. അതിന് വീതികൂട്ടി ഡാം ശക്തിപ്പെടുത്തണം. ഇതിന് അടുത്ത് നില്‍ക്കുന്ന മൂന്ന് മരങ്ങള്‍ മുറിക്കണം. അവിടേക്കുള്ള റോഡ് അവശ്യത്തിനായി മറ്റൊരു 24 മരം കൂടി മുറിക്കേണ്ടി വരും. ബേബി ഡാമിനൊപ്പം എര്‍ത്ത് ഡാം കൂടി ശക്തിപ്പെടുത്തുകയാണെങ്കില്‍ മറ്റ് അറ്റകുറ്റപ്പണികളില്ലാതെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി ഉയര്‍ത്താന്‍ സുപ്രീംകോടതി മുമ്പാകെ തമിഴ്നാടിന് ആവശ്യപ്പെടാം.  മരംമുറിക്കുള്ള അനുകൂല നിലപാട് ഡാമിനെ ശക്തിപ്പെടുത്തുകയല്ല പുതിയ ഡാമാണ് വേണ്ടതെന്ന കേരളത്തിന്റെ നിലപാടിന്റെ ശക്തി കുറയ്ക്കലാകുമെന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. തര്‍ക്കവിഷയത്തില്‍ തമിഴ്നാട് നേടുന്ന ഈ മേല്‍ക്കൈ കേരളത്തിന് ഭീഷണിയാകും എന്നിടത്താണ് മരംമുറി വിവാദത്തിന്റെ പ്രസക്തി. 

അതിന് മരങ്ങള്‍ കേരളത്തിലാണോ? 

തമിഴ്നാട് മുറിക്കണമെന്നാവശ്യപ്പെട്ട മരങ്ങള്‍ കേരളത്തിലോ അതിന് അനുവാദം നല്‍കേണ്ടത് കേരളമോ അല്ല എന്നതാണ് വാസ്തവം. മരങ്ങള്‍ നില്‍ക്കുന്നത് ബഫര്‍ സോണിലും പാട്ടഭൂമിയിലുമാണ്. അതിനാല്‍ കേന്ദ്രവനം വന്യ ജീവി വകുപ്പാണ് ഇതിന് അനുമതി നല്‍കേണ്ടത്. പക്ഷേ കേരളം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കണമെന്ന് മാത്രം. തമിഴ്നാടിന് മരം മുറിക്കാമെന്ന് കാട്ടിയാണ് നമ്മുടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയത്. നവംബര്‍ ആറിനാണ്, ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ബേബി ഡാമിന് താഴെയുള്ള നാല്‍പ്പത് സെന്റ് സ്ഥലം തമിഴ്‌നാട് പാട്ടത്തിന് എടുത്തിരിക്കുകയാണെന്ന് ഉത്തരവില്‍ പറയുന്നുമുണ്ട്. 

പരസ്പരാശ്രയത്തോടെ നിലനില്‍ക്കുന്ന, പലകാര്യങ്ങളിലും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് സംസ്ഥാനങ്ങളുടെ സൗഹൃദം നിലനിര്‍ത്തിക്കൊണ്ടാകണം മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരം കാണേണ്ടത്. ഇതിന് ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു