ഫേസ്ബുക്ക് പേര് മാറ്റിയിരിക്കുന്നു, ഇനി മുതല്‍ ഈ സോഷ്യല്‍ മീഡിയാ ഭീമന്‍ 'മെറ്റാ' എന്നറിയപ്പെടും. കമ്പനിയുടെ ഭാവി ലക്ഷ്യങ്ങളും പദ്ധതികളും എന്തായിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ പേര് മാറ്റം. ഒരു സോഷ്യല്‍ മീഡിയാ കമ്പനി എന്നതില്‍ നിന്നും മെറ്റാവേഴ്സ് കമ്പനിയായി മാറാനാണ് സക്കര്‍ബര്‍ഗും കൂട്ടരും പദ്ധതിയിട്ടിരിക്കുന്നത്. ഫേസ്ബുക്ക് ഇന്‍കോര്‍പറേറ്റഡ് എന്ന അമേരിക്കന്‍ കമ്പനിയുടെ പേരാണ് മെറ്റാ ആയി മാറിയിരിക്കുന്നത്.

ഫേസ്ബുക്ക് ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ്, ഒക്യുലസ്, വര്‍ക്ക്പ്ലേസ്, പോര്‍ട്ടല്‍, നോവി തുടങ്ങിയ എട്ട് സ്ഥാപനങ്ങള്‍ ഇനി മെറ്റായുടെ കീഴില്‍ വരും. ഇനി തുടങ്ങാനിരിക്കുന്ന സ്ഥാപനങ്ങളും മെറ്റായുടെ ഉടമസ്ഥതയിലാവും. ഗൂഗിളിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ആല്‍ഫബെറ്റ് എന്ന കമ്പനി എങ്ങനെയാണോ അത് പോലെയാവും ഇനി ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും വാട്സാപ്പിനുമെല്ലാം മെറ്റാ.