'പലരും അംഗീകരിക്കാന്‍ മടിക്കുന്ന ഒരാളാണ് ഞാന്‍. എനിക്കുറപ്പുണ്ട ലോഹിതദാസിന്റെ മരണശേഷമായിരിക്കും ലോഹിതദാസ് വിലയിരുത്തപ്പെടാന്‍ പോകുന്നത്'- ഒരിക്കല്‍ മാതൃഭൂമിക്കനുവദിച്ച അഭിമുഖത്തില്‍ സംവിധായകന് ലോഹിതദാസ് പറഞ്ഞ വാക്കുകളാണ് ഇത്. അദ്ദേഹം പറഞ്ഞപോലെ വജ്രത്തിളക്കമുള്ള ലോഹിതദാസിന്റെ അക്ഷരങ്ങളെക്കുറിച്ച് നാമിപ്പോഴും സംസാരിക്കുന്നുണ്ട്.
ലോഹിതദാസ് ഓര്‍മ്മയായിട്ട് 11 വര്‍ഷം. ലോഹിതദാസിന്റെ സിനിമകള്‍ കണ്ടപ്പോഴെല്ലാം നമ്മുടെ ഉള്ളില്‍ മുറിവേറ്റു. തോറ്റുപോയ നായകന്മാരുടെ ആത്മസംഘര്‍ഷങ്ങള്‍ നമ്മെ വേദനിപ്പിച്ചു. കാരണം, ലോഹിയുടെ കഥാപാത്രങ്ങളെല്ലാം നമ്മുടെ ജീവിതത്തില്‍ നിന്ന് ചികഞ്ഞെടുത്തവയായിരുന്നു.
ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയിലൂടെ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ ബഹുമതിയും ലോഹിതദാസ് സ്വന്തമാക്കി. ലോഹിക്ക് മാത്രം പറയാന്‍ കഴിയുന്ന സിനിമയായി ഭൂതക്കണ്ണാടി. നടന് തിലകനാണ് ലോഹിതദാസെന്ന നാടകമെഴുത്തുകാരനെക്കുറിച്ച് സിബി മലയിലിനോട് പറയുന്നത്. തനിയാവര്ത്തനത്തിന് വേണ്ടി അവര്‍ ആദ്യമായി ഒരുമിച്ചു.
ലോഹിതദാസ് ചിത്രമായ സല്ലാപത്തിലൂടെയാണ് മഞ്ജുവാര്യര്‍ നായികയായി എത്തിയത്. പിന്നീട് കന്മദത്തില് ശക്തമായ വേഷം. സൂത്രധാരനിലൂടെ മീരാജാസ്മിന്. ലോഹിയുടെ കൈപിടിച്ചാണ് ലക്ഷ്മി ഗോപാലസ്വാമിയും ഭാമയും മലയാള സിനിമയിലെത്തുന്നത്. സത്യന് അന്തിക്കാടിനൊപ്പവും ഹിറ്റുകള്‍ തീര്‍ത്തു ലോഹിതദാസ്.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ലാബ് ടെക്നീഷ്യനായിരുന്ന ലോഹിതദാസ് കണ്ടും കേട്ടുമറിഞ്ഞ അനുഭവങ്ങളാണ് ദശരഥം എന്ന സിനിമയെ മനോഹരമാക്കിയത്. തോറ്റുപോയ സേതുമാധവന് തീരാനോവായ കിരീടവും ചെങ്കോലും, മകളുടെ സ്നേഹത്തിനായി വിങ്ങുന്ന പാഥേയത്തിലെ ചന്ദ്രദാസ്...ലോഹിതദാസ് ചിത്രങ്ങളെല്ലാം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അഭിനയ ജീവിതത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..