കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളില്‍ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഉടന്‍ തുടക്കമാകും. എല്ലാവര്‍ഷത്തെയുംപോലെ എന്‍ട്രന്‍സ് പരീക്ഷയെഴുതി പ്രവേശനം കാത്തിരിക്കുന്നവരും കുറവല്ല. എന്നാല്‍ എന്‍ജിനീയറിങ് കോഴ്സുകളില്‍ ചേരുന്ന പകുതിയിലേറെ വിദ്യാര്‍ഥികളും ഇതിനോട് പ്രത്യേക താത്പര്യമോ അഭിരുചിയോ ഇല്ലാത്തവരാണെന്ന വസ്തുത പരസ്യമായ രഹസ്യമാണ്. കുട്ടികള്‍ പരീക്ഷയില്‍ തോല്‍ക്കുമ്പോള്‍ അധ്യാപകരുടെ പിടിപ്പുകേടിനെ പഴിപറയുന്ന മാതാപിതാക്കള്‍ മക്കളുടെ അഭിരുചി തിരിച്ചറിയാന്‍ പലപ്പോഴും തയ്യാറാവുന്നുമില്ല. 

സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴിലാണ് നിലവില്‍ കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ (2019) വിജയശതമാനം വെറും 33.4 മാത്രമാണ്. ഇതില്‍ത്തന്നെ ജോലി കിട്ടാത്തവര്‍, അല്ലെങ്കില്‍ തൊഴില്‍ ചെയ്യാനുള്ള നൈപുണ്യമുള്ളവരുടെ എണ്ണം എത്രയോ കുറവാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസത്തെക്കുറിച്ച് കണ്ണൂര്‍ എന്‍ജിനീയറിങ് കോളേജിലെ മുന്‍ പ്രിന്‍സിപ്പാളും റിട്ടയേഡ് പ്രൊഫസറുമായ പ്രൊഫ. ആര്‍.വി.ജി. മേനോന്‍ സംസാരിക്കുന്നു