തമിഴ്നാട്ടിലെ കോളേജുകളില്‍ ഓണ്‍ലൈന്‍ വഴിയും പരീക്ഷ നടത്താമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് കോളേജുകള്‍. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും നേരിട്ട് എത്തി പരീക്ഷയെഴുതണം എന്ന കോളേജുകളുടെ തീരുമാനം ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുന്നു. ബാക്കിയുള്ള അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായോ അല്ലാതെയോ നടത്താം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകലാശാലകള്‍ക്ക് നല്കിയ നിര്‍ദ്ദേശം. എന്നാല്‍ ഇത് പരിഗണിക്കാതെ ഓണ്‍ലൈന്‍ പരീക്ഷകളെ പൂര്‍ണമായി അവഗണിക്കുകയാണ് ഭൂരിഭാഗം കോളേജുകളും. ഭാരതീയാര്‍ സര്‍വ്വകലാശാലയ്ക്ക് കീഴില്‍ ഈറോഡിലും കോയമ്പത്തൂരുമുള്ള മിക്ക കോളേജുകളിലും നേരിട്ടെത്തി പരീക്ഷയെഴുതാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.
സ്വന്തം ചിലവില്‍ കോവിഡ് പരിശോധന നടത്തണം. തമിഴ്നാട്ടില്‍ 14 ദിവസം ക്വാറന്റൈനില്‍ നില്‍ക്കണം. ആണ്‍കുട്ടികള്‍ സ്വന്തം ചിലവില്‍ താമസ സൗകര്യം കണ്ടെത്തണം. അനാവശ്യമായ പല ഫീസുകളും കെട്ടണം. ഇതിനെല്ലാമപ്പുറം കോവിഡ് ഭീതിയില്‍ പരീക്ഷയുമെഴുതണം. വലിയ പ്രതിസന്ധിയിലാണ് കാര്യങ്ങളെന്ന് വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു.
മദ്രാസ് സര്‍വ്വകലാശാല ഇതര സംസ്ഥാനത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നുണ്ട്. ഇതിന് സമാനമായ നടപടിയുണ്ടാകാന്കേരളാ സര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കണം എന്ന് രക്ഷിതാക്കളും ആവശ്യപ്പെടുന്നു.