എ.ആര്‍.റഹ്മാന്‍ ഈണമിട്ട 'തുഝേ സലാം' എന്ന ദേശഭക്തിഗാനം ഒന്ന് മൂളിനോക്കാത്തവരായി ആരുമുണ്ടാവില്ല. പുറത്തിറങ്ങി ഇത്രയും കാലത്തിനിടെ ഗാനത്തിന് എത്രയോ ഗായകര്‍ പുനരാവിഷ്‌കരണം നടത്തി. ഇപ്പോഴിതാ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കവര്‍ പതിപ്പ് ശ്രദ്ധേയമാവുകയാണ്. ഗാനം ആലപിച്ച ആളാണ് ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നത്.

മിസോറത്തില്‍ നിന്നുള്ള നാലു വയസുകാരി എസ്തര്‍ നാംതെയാണ് എ.ആര്‍. റഹ്മാന്‍ ഗാനം പാടി ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് എസ്തര്‍ ഗാനം പുറത്തിറക്കിയിരിക്കുന്നത്. എസ്തറിനൊപ്പം വേറെയും കുട്ടികളുണ്ട്. മിസോറത്തിന്റെ തനത് കലകളും ഭൂപ്രകൃതിയുമെല്ലാം ഗാനത്തിന് പശ്ചാത്തലമാകുന്നു.

പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ ഒരു ഇന്ത്യക്കാരനാണെന്നതില്‍ അഭിമാനം കൊള്ളുക. ഇത് സ്‌നേഹത്തിന്റെയും കരുതലിന്റെയും മമതയുടേയും രാജ്യമാണ് എന്നാണ് വീഡിയോക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം. ഈ മാസം 25-ന് പുറത്തുവിട്ടിരിക്കുന്ന വീഡിയോ ഇതുവരെ മൂന്ന് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.