പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. തിരുവനന്തപുരത്ത് തൈക്കാട് ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. പാരമ്പര്യവും ആധുനികതയും ഒന്നുചേര്‍ന്ന കാവ്യസംസ്‌കാരത്തിന്റെ തലമുതിര്‍ന്ന ഒരു പ്രതിനിധിയെയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യത്തിന് നഷ്ടമായിരിക്കുന്നത്. മനുഷ്യനെ കേന്ദ്രമാക്കി, പ്രകൃതിയില്‍ ചുവടുറപ്പിച്ചുകൊണ്ട്, തീവ്ര മനുഷ്യാനുഭവങ്ങളെ ആഴത്തിലും പരപ്പിലും കാവ്യാത്മകമായി ആവിഷ്‌കരിച്ച കവിയായിരുന്നു അദ്ദേഹമെന്ന് വിലയിരുത്തപ്പെടുന്നു.

കാലികമായ ജീവിതബോധം കവിതകളില്‍ നിറയുമ്പോള്‍ത്തന്നെ ആത്മീയമായ ഒരു ചൈതന്യം അദ്ദേഹത്തിന്റെ കവിതകള്‍ പങ്കുവെക്കുന്നു. വേദങ്ങള്‍, സംസ്‌കൃതസാഹിത്യം, യുറോപ്യന്‍ കവിത, മലയാളകവിത എന്നിവയുടെ ഒത്തുചേരല്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കാണാമായിരുന്നു. ഭാര്യ: സാവിത്രി, മക്കള്‍: അദിതി, അപര്‍ണ. സംസ്‌ക്കാരം നാളെ രണ്ട് മണിക്ക് തൈക്കാട് ശ്മശാനത്തില്‍ നടക്കും.